കൊച്ചി: പോക്സോ കേസിൽ റോയ് വയലാട്ട് ഉൾപ്പടെ മൂന്നു പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് ഉത്തരവുണ്ടാകും. ഹോട്ടൽ ഉടമ റോയി വയലാട്ട്, സൈജു തങ്കച്ചൻ, ഇരുവരുടെയും സുഹൃത്തായ കോഴിക്കോട് സ്വദേശിനി അഞ്ജലി റിമാ ദേവ് എന്നിവരാണ് പ്രതികൾ.
വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്. എന്നാൽ പരാതിക്കാരിയായ പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുളള തർക്കമാണ് കേസുകൊടുക്കാൻ കാരണമെന്നാണ് പ്രതികളുടെ വാദം.
കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോൾ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ പ്രതികൾ കൂടുതൽ സമയം വേണമെന്ന് കോടതിയെ അറിയിച്ചിരുന്നു. റോയ് വയലാട്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തിങ്കളാഴ്ച വരെ പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം എടുക്കുന്നത് പരാതിക്കാരിയുടെ ഭാഗം കൂടി കേട്ട് വേണമെന്ന് സർക്കാർ വ്യക്തമാക്കി.

