മഞ്ചേരി: വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികയുടെ സംസ്‌കാരം തടഞ്ഞ് പോലീസ്. വയോധികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടമില്ലാതെ മഞ്ചേരി മെഡിക്കൽ കോളജില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. സംസ്‌കാര ചടങ്ങുകള്‍ക്കിടെ പോലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി വീണ്ടും മെഡികല്‍ കോളജിലേക്ക് തിരിച്ചു കൊണ്ടുവന്നു.
കഴിഞ്ഞ മാസം 29 നാണ് പാണ്ടിക്കാട് തച്ചിങ്ങനാടം സ്വദേശി പള്ളിക്കരത്തൊടി കുഞ്ഞമ്മയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞമ്മ ചൊവ്വാഴ്ച രാവിലെ ഒമ്ബത് മണിയോടെയാണ് മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. 11 മണിയോടെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുനല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു.
വൈകിട്ട് മൂന്നു മണിയോടെ ആശുപത്രിയില്‍ നിന്ന് വിളിച്ച് മൃതദേഹം തിരിച്ചെത്തിക്കണമെന്ന് ബന്ധുക്കളോട് ആവശ്യപെട്ടു. പിന്നാലെ പൊലീസെത്തി പോസ്റ്റുമോര്‍ടെമില്ലാതെ സംസ്‌ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചു. ആശുപത്രിയില്‍ ഡ്യൂടിയിലുണ്ടായിരുന്നവര്‍ക്ക് സംഭവിച്ച വീഴ്ചയാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടമില്ലാതെ വിട്ടുകൊടുക്കാന്‍ കാരണമെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

