Monday, April 29, 2024
spot_img

വിനു വി. ജോണിനെതിരായ പോലീസ് നീക്കം: മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളി!! പോലീസിനെ രൂക്ഷമായി വിമർശിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബ്

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസ് മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണിനെതിരേ കള്ളക്കേസ് രജിസ്റ്റർ ചെയ്ത് നോട്ടീസ് നൽകിയ കേരള പൊലീസ് നീക്കത്തെ തിരുവനന്തപുരം പ്രസ്‌ക്ലബ് ശക്തമായി അപലപിച്ചു. വാര്‍ത്താ അവതരണത്തിനിടയില്‍ ഒരു ഭരണകക്ഷി നേതാവിനെതിരേ പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് പോലീസ് നടപടി.

രാജ്യവ്യാപക ഹര്‍ത്താലിന്റെ മറവിൽ കേരളത്തില്‍ അഴിച്ചു വിട്ട അക്രമങ്ങള്‍ക്കെതിരായ ചാനല്‍ ചര്‍ച്ചയ്ക്കിടെ എളമരം കരീം എം.പിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് വിനു വി. ജോണിനെതിരേ കേസെടുത്തതെന്നും പ്രതികാര മനോഭാവത്തോടു കൂടി അദ്ദേഹത്തെ പോലീസ് വേട്ടയാടുകയാണെന്നും പ്രസ് ക്ലബ് ആരോപിച്ചു.

മാദ്ധ്യമ സ്വാതന്ത്ര്യവും പൗരാവകാശവുമൊക്കെ വെറും വാക്കിലൊതുക്കുന്ന ഹീനമായ നീക്കമാണ് പോലീസ് നടത്തുന്നതെന്നും .ഇതിനു അറുതി വരുത്താൻ ഭരണകൂടം തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് മാദ്ധ്യമ സമൂഹം നിർബന്ധിതരാകുമെന്നും . ഭരണകക്ഷി നേതാക്കളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങി മാദ്ധ്യമ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാനുള്ള നീക്കത്തില്‍ നിന്ന് പോലീസും സര്‍ക്കാരും പിന്‍മാറണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടു.

വിനു വി. ജോണിനെതിരായ കള്ളക്കേസ് പിന്‍വലിക്കാനും മാദ്ധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മാദ്ധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടു പോകുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ. സാനുവും സംയുക്ത പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles