Thursday, January 8, 2026

വിതുരയിൽ വൈദ്യശാലയുടെ മറവിൽ വാറ്റ് ചാരായവും കഞ്ചാവും വിറ്റ രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: വിതുരയിൽ വൈദ്യശാലയുടെ മറവിൽ വാറ്റ് ചാരായവും കഞ്ചാവും വിറ്റിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടി. വിതുര അഗസ്ത്യ സിദ്ധ വൈദ്യശാല എന്ന സ്ഥാപനം നടത്തുന്ന വിക്രമനും സഹായി സ‍ഞ്ചുവുമാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.

പിടികൂടിയ പ്രതികളിൽ നിന്നും കാട്ടുമൃഗങ്ങളുടെ ഇറച്ചിയും കൊമ്പും വെടിയുണ്ടയും കഞ്ചാവും പൊലീസ് പിടികൂടി. വിക്രമന്‍റെ വീട്ടിൽ നിന്നും കഞ്ചാവും ആന കൊമ്പിന്‍റെ ഭാഗങ്ങളും കാട്ടുപോത്തിന്‍റെയും മാനിന്‍റെയും കൊമ്പുകളും മുള്ളൻപ്പന്നിയുടെ ഇറച്ചിയും മയിലിന്‍റെ ശരീരഭാരവും പിടികൂടി. ഇയാളുടെ സഹായി സ‍ഞ്ചുവിന്‍റെ വീട്ടിൽ നിന്നും 20 ലിറ്റ‍ർ ചാരയാവും 100 ലിറ്റർ വാഷും 30 ഉപയോഗിച്ച വെടിയുണ്ടയും പിടികൂടി.

പൊലീസെത്തുമ്പോൾ ഇവിടെ വ്യാജ ചാരായ നിർമ്മാണം നടക്കുകയായിരുന്നു. പ്രതികള്‍ വന്യമൃഗങ്ങളെ വേട്ടയാടി കൊന്ന് ഇറച്ചിയുണ്ടാക്കി വിൽപ്പന നടത്തിയിരുന്നുവെന്നാണ് സംശയം. മൂന്നു സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസിന്‍റെ പരിശോധന. ആയുധ നിയമപ്രകാരവും ലഹരി വസ്തുക്കള്‍ വിൽപ്പന നടത്തിയതിനും വിക്രമൻ സഞ്ചു എന്നിവരെ വിതുര സിഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തു. വനംവകുപ്പും കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles