Tuesday, May 21, 2024
spot_img

പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ പ്രതി മരിച്ച കേസ്; പോലീസ് മര്‍ദ്ദിച്ച് കൊന്നതെന്ന് സഹോദരന്‍

തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച പ്രതി സുരേഷിന് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നെന്ന് സഹോദരന്‍ സുഭാഷ്. ശരീരത്തില്‍ ഉടനീളം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നെന്നും സുരേഷിനെ പോലീസ് മര്‍ദ്ദിച്ച് കൊന്നതാണെന്നുമാണ് സഹോദരൻ പറയുന്നത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം നടത്തുമെന്നും സഹോദരൻ സുഭാഷ് പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ ഇരിക്കെ പ്രതി മരിച്ചത്. എന്നാൽ സുരേഷിന്‍റെ ശരീരത്തിലെ ചതവുകൾ ഹൃദ്രോഗത്തിന് ആക്കം കുട്ടാന്‍ കാരണമായിരിക്കാമെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞത്. സുരേഷിന്‍റെ ശരീരത്തിലുണ്ടായ ചതവുകളിൽ അന്വേഷണം വേണമെന്നും ഡോക്ടർമാർ പോലീസിനെ അറിയിച്ചു. ഇതോടെ സുരേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന പോലീസ് വാദമാണ് പൊളിഞ്ഞത്.

തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ച കേസിലാണ് സുരേഷ് ഉള്‍പ്പടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 28 നായിരുന്നു സംഭവം. പിറ്റേദിവസം പോലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിക്കുകയായിരുന്നു.

പ്രതികളെ രാത്രിയിൽ കസ്റ്റഡയിലെടുത്ത ശേഷം വൈദ്യപരിശോധനക്ക് കൊണ്ടുപോയിരുന്നു. എന്നാൽ ഇതൊന്നും സ്റ്റേഷൻ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതില്‍ വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. എസ്ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, ഗ്രേഡ് എസ്ഐ സജീവ് എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.

Related Articles

Latest Articles