അബുദാബി: ഓണ്‍ലൈനിലൂടെ വേശ്യാവൃത്തി നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. ഇതൊരു സൈബർ കുറ്റകൃത്യമാണെന്നും പ്രോസിക്ക്യൂഷൻ വ്യക്തമാക്കി.
സൈബര്‍ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുള്ള 2021 ലെ ഫെഡറല്‍ നിയമ നമ്പർ 34-ലെ ആര്‍ട്ടിക്കിള്‍ 33 അനുസരിച്ച്, ഒരു കമ്പ്യൂട്ടർ ശൃംഖലയോ വിവരസാങ്കേതികവിദ്യയുടെ ഏതെങ്കിലും മാര്‍ഗമോ ഉപയോഗിച്ച് വേശ്യാവൃത്തിയിലോ ദുഷ്പ്രവൃത്തിയിലോ ഏര്‍പ്പെടാന്‍ മറ്റൊരാളെ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയ്ക്കും ശിക്ഷ ലഭിക്കും. ഇത്തരക്കാര്‍ക്ക് തടവു ശിക്ഷയും 25,000 ദിര്‍ഹം മുതല്‍ 1,000,000 ദിര്‍ഹം വരെ പിഴയും ലഭിക്കും.
കുട്ടികളാണ് ഓണ്‍ലൈന്‍ വേശ്യാവൃത്തിയുടെ ഇരകളെങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം തടവോ പരമാവധി 1,000,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ ആയിരിക്കും ശിക്ഷയായി ലഭിക്കുക. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.

