തിരുവനന്തപുരം: ഓട്ടോ ഡ്രൈവറായ യുവാവിനെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന പരാതി, ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അമ്പലത്തറ പഴഞ്ചിറ സ്വദേശി ആര്‍. കുമാറിനാണ് (40) ക്രൂരമായി മര്‍ദ്ദനമേറ്റത്. കുമാറിന്റെ നട്ടെല്ലിന് പൊട്ടലും ദേഹമാസകലം ചതവുമുണ്ടായി ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ 12നാണ് കൈമനം സ്വദേശി പദ്മനാഭന്റെ നാലു പവന്‍ മാല കവര്‍ച്ച ചെയ്‌തതായി സംഘം സഞ്ചരിച്ച ഓട്ടോ കണ്ടെത്തുന്നതിനിടെ ശ്രമത്തിനിടെ ആണ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. പദ്മനാഭനൊടോപ്പം ബാറില്‍ മദ്യപിക്കാനെത്തിയ നാലംഗ സംഘം മദ്യപാനത്തിനു ശേഷം, അവിടെ വന്ന ഓട്ടോയില്‍ പദ്മനാഭനെ കയറ്റികൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ചവശനാക്കിയതിനു ശേഷം മാല കവര്‍ന്നു, എന്ന പദ്മനാഭന്റെ പരാതിയിൽ പറഞ്ഞ ഓട്ടോ കുമാറിന്റേതാണെന്ന് സംശയിച്ചാണ് പൊലീസ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്.
സ്റ്റേഷനിൽ ക്രൈം സ്‌ക്വാഡിന്റെ റൂമിലെത്തിച്ചശേഷം മർദിച്ചുവെന്നും, ശേഷം ആളുമാറിയെന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ 500 രൂപ നല്‍കി ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചുവെന്നും കുമാറിന്റെ ഭാര്യ പൊലീസ് കമ്മിഷണര്‍ക്ക് നൽകിയ പരാതിയില്‍ ആരോപിച്ചു. കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷണര്‍ ബി. അനില്‍കുമാറിന്റെ നേതൃത്വത്തിൽ കേസന്വേഷണം ആരംഭിച്ചു. ഇന്ന് ഫോര്‍ട്ട് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.

