കണ്ണൂര്: കണ്ണൂര് ജില്ലാ ആശുപത്രിയില് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞ വയോധികയുടെ നാലുപവന്റെ സ്വര്ണാഭരണങ്ങള് നഷ്ടപ്പെട്ട സംഭവത്തില് ബന്ധുക്കള് കണ്ണൂര് സിറ്റി പോലിസിന് പരാതി നല്കി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വയോധിക മരിച്ചത്. തീവ്രപരിചരണവിഭാഗത്തില് ചികിത്സയിലിരിക്കെ മരണമടഞ്ഞ ഇവരുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോള് പ്രകാരം പായ്ക്കു ചെയ്താണ് പയ്യാമ്പലത്തേയ്ക്ക് സംസ്കരിക്കുന്നതിനായി വിട്ടുകൊടുത്തത്.
എന്നാല് മൃതദേഹം സംസ്കരിച്ചതിനു ശേഷമാണ് വയോധികയുടെ ആഭരണങ്ങള് കാണാതായ വിവരം ബന്ധുക്കള് പരാതിപ്പെടുന്നത്. പ്രേമലതയുടെ കഴുത്തിലും കൈയിലും ആഭരണങ്ങള് കണ്ടിരുന്നതായി ആംബുലന്സ് വാന് ഡ്രൈവര് മൊഴി നല്കിയിട്ടുണ്ട്. തുടര്ന്നാണ് മകളുടെ ഭര്ത്താവാണ് സിറ്റി പോലിസ് കമ്മിഷണര്, ഡി. എം. ഒ, ആശുപത്രി സൂപ്രണ്ട് എന്നിവര്ക്ക് പരാതി നല്കിയത്. സംഭവത്തെ കുറിച്ചു പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ചുവരികയാണെന്നും സിറ്റി പോലിസ് അറിയിച്ചു.

