തിരുവനന്തപുരം: പോലീസ് യൂണിഫോമിട്ട് ഗുണ്ടകൾക്കൊപ്പമിരുന്ന് മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥന് (Police Officer Suspended) സസ്‌പെൻഷൻ. തിരുവനന്തപുരം പോത്തൻകോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജീഹാനെയാണ് സസ്പെന്റ് ചെയ്തത്.
പോലീസുകാരൻ യൂണിഫോമിട്ട് ഗുണ്ടകൾക്കൊപ്പമിരുന്ന് മദ്യപിക്കുന്ന ചിത്രം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. മണ്ണുമാഫിയ വാടകയ്‌ക്കെടുത്ത മുറിയിൽ വച്ച് ഗുണ്ടയായ കുട്ടനുമായാണ് ഇയാൾ മദ്യപിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിഐജി നിശാന്തിനി നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരന്റെ ഗുണ്ടാ ബന്ധം സ്ഥിരീകരിച്ചത്. മെന്റൽ ദീപുവെന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കുട്ടനുമായാണ് പോലീസുകാരൻ മദ്യപിച്ചത്. കുട്ടനും ദീപുവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ഇതേ സ്ഥലത്ത് വച്ചാണ് കൊലപാതകം നടന്നത്. കുട്ടൻ ഇപ്പോൾ റിമാൻഡിലാണ്. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ വരും ദിവസങ്ങളിൽ എടുത്തേക്കുമെന്നാണ് വിവരം.

