Friday, May 17, 2024
spot_img

‘പോലീസുകാർ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു; സെക്യൂരിറ്റി ജീവനക്കാർ ഇടപെടാത്തത് നിരാശയുണ്ടാക്കുന്നു’; ഡോ വന്ദന കൊലക്കേസിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രി ആർ എം ഒ

കൊട്ടാരക്കര: ഡോ. വന്ദന കൊലക്കേസിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രി ആർ എം ഒ ഡോ. എസ് അനിൽകുമാർ. നിരപരാധിയായ ഡോക്ടറുടെ മരണത്തിനു കാരണം പോലീസിന്റെ അനാസ്ഥ തന്നെയാണ്. ആക്രമണം തടയാൻ ശ്രമിക്കാതെ പോലീസ് ജീവനുംകൊണ്ട് ഓടിയൊളിക്കുകയായിരുന്നു. ആശുപത്രിയിലെ സെക്യൂരിറ്റി അടക്കമുള്ള ജീവനക്കാരും സ്വയം രക്ഷപെടുന്നതിനാണ് ശ്രമം നടത്തിയത്. അതിന് പൊതു സമൂഹത്തോട് മാപ്പ്‌ പറയുന്നു. എന്നാൽ അക്രമികളെ കീഴ്‌പ്പെടുത്താൻ പരിശീലനം കിട്ടിയിട്ടുള്ള പോലീസുകാർ ഓടിയൊളിക്കാൻ ശ്രമിച്ചത് വലിയ വീഴ്ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആർ എം ഒ യുടെ നിർണ്ണായക വെളിപ്പെടുത്തൽ.

അതേസമയം പ്രതി സന്ദീപ് മാനസിക രോഗിയല്ലെന്നും വിഷയങ്ങളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും പ്രതിയെ പരിശോധിച്ച മാനസികരോഗ വിദഗ്ദ്ധർ പറഞ്ഞു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. ഇതോടെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള സാഹചര്യമൊരുങ്ങി. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം കോടതിയിൽ നാളെ അപേക്ഷ നൽകും. പ്രതി സന്ദീപ് ജയിലിൽ വലിയ രീതിയിലുള്ള മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു, തുടർന്നാണ് മാനസികാരോഗ്യം പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഡോക്ടർമാർ സമരം അവസാനിപ്പിച്ചെങ്കിലും പ്രതിഷേധം തുടരുകയാണ്. വിചാരണ അതിവേഗ കോടതിയിൽ വേണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.

Related Articles

Latest Articles