തിരുവനന്തപുരം: പിഎഫ്ഐ നിരോധനം നടപ്പിലാക്കാൻ കേന്ദ്രവിജ്ഞാപനപ്രകാരമുള്ള സംസ്ഥാന പൊലീസിന്‍റെ നടപടികൾ തുടരുന്നു. പോപ്പുലര്‍ ഫണ്ടിൻ്റേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകൾ സീൽ ചെയ്യുന്നത് തുടരുകയാണ്. നിരോധിത സംഘടനകളുടെ അക്കൗണ്ടുകൾ എല്ലാം മരവിപ്പിക്കും. നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി ഉത്തരവ് നൽകിയിട്ടുണ്ട്. പോപ്പുലര്‍ഫ്രണ്ടിന്‍റെ പ്രവര്‍ത്തനങ്ങൾക്ക് സാന്പത്തിക സഹായം നൽകുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. പ്രവര്‍ത്തകരെ നിരീക്ഷിക്കാനും പൊലീസ് നീക്കമിട്ടിട്ടുണ്ട്.
ഇടുക്കി തൂക്കുപാലത്തുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസിൽ പൊലീസ് പരിശോധന നടത്തി. റവന്യു ഉദ്യോഗസ്‌ഥരും സംഘത്തിൽ ഉണ്ടായിരുന്നു. ഓഫിസ് സീൽ ചെയ്യുന്നതിന് മുന്നോടിയായിട്ടായിരുന്നു പരിശോധന. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്നു യഹിയ കോയ തങ്ങളുടെ പേരിലുള്ളതാണ് സ്‌ഥലം. 17 സെൻ്റ് സ്‌ഥലം 2016-ലാണ് വാങ്ങിയത്. 35 ചതുരശ്ര മീറ്റർ വീടിനുള്ള പെർമിറ്റിൽ ആണ് ഓഫിസ് കെട്ടിടവും ഓഡിറ്ററിയവും പണിതിരിക്കുന്നത്. പരിശോധന സംബന്ധിച്ച റിപ്പോർട്ട് സംഘം ജില്ല പോലിസ് മേധാവിക്ക് കൈമാറും എൻഐഎ ഉദ്യോഗസ്‌ഥരും ഓഫിസ് പരിശോധിക്കാൻ എത്തിയേക്കും.

