ചെന്നൈ: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കാടത്തം. ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് പി എഫ് ഐ പ്രവർത്തകർ. ഗാന്ധിപുരം വികെകെ മേനോൻ റോഡിലാണ് സംഭവം. രാത്രി 8.30 ഓടെ ബൈക്കിലെത്തിയ ഒരു സംഘമാണ് ബോംബ് എറിഞ്ഞത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. അന്വേഷണത്തിന്റ ഭാഗമായി സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ഇത് കൂടാതെ പ്രദേശത്തെ ഒരു മാരുതി ഷോപ്പിലും പ്രവർത്തകർ പെട്രോൾ ബോംബ് എറിഞ്ഞിരുന്നു. ഇവിടെയും പോലീസ് അന്വേഷണം നടത്തി വരികയാണ്.
ഓടിക്കൊണ്ടിരുന്ന ടിഎൻഎസ്ടിസി ടൗൺ ബസിന് നേരെ സമരാനുകൂലികളുടെ കല്ലേറുണ്ടായി. ഉക്കടം-സുണ്ടക്കാമുത്തൂർ റോഡിൽ ഗണപതിക്കും കോവൈപ്പുത്തൂരിനും ഇടയിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു.
രാജ്യവ്യാപകമായി ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ ഐ എ റെയ്ഡ് നടത്തിയതിന്റെ പേരിൽ രാജ്യത്ത് അക്രമം അഴിച്ചുവിടാനൊരുങ്ങിയിരിക്കുകയാണ് പോപ്പുലർ ഫ്രണ്ട്. ബിജെപി ആർഎസ്എസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അക്രമം നടത്താനാണ് ഇവരുടെ പദ്ധതി. കോയമ്പത്തൂരിന് പുറമെ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ മഞ്ചേരി മണ്ഡലം ബിജെപി കമ്മറ്റി ഓഫീസിന് നേരെ അക്രമം ഉണ്ടായിരുന്നു.

