Sunday, May 5, 2024
spot_img

പീഡനാരോപണം തള്ളി കാറിടിച്ചു കൊല്ലപ്പെട്ട അഞ്ജലിയുടെ പോസ്റ്റ്‌മോ‌ർട്ടം റിപ്പോർട്ട്; സംഭവസ്ഥലത്തുണ്ടായിരുന്ന സുഹൃത്ത് നിധിയുടെ മൊഴി നിർണ്ണായകം

ദില്ലി : കാഞ്ചവാലയിൽ കാറിടിച്ചു ക്രൂരമായി കൊല്ലപ്പെട്ട യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. മരിച്ച യുവതി അഞ്ജലി സിങ്ങിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ലെന്നു റിപ്പോർട്ടിലുണ്ട് . മൗലാന ആസാദ് മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡാണ് അഞ്ജലിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. റിപ്പോർട്ട് ഉടൻ പൊലീസിനു കൈമാറുമെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി.

കൂടുതൽ പരിശോധനകൾക്കായി സ്രവ സാംപിളുകളും യുവതി അപകടസമയത്ത് ധരിച്ചിരുന്ന ജീൻസിന്റെ ഭാഗങ്ങളും സൂക്ഷിച്ചിട്ടുണ്ട്. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ് അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കാഞ്ചവാലയിൽ കണ്ടെത്തിയത്. ഇതോടെയാണ് അപകടത്തിനുശേഷം അഞ്ജലി പീഡനത്തിന് ഇരയായതായി സംശയമുയർന്നത്.

അറസ്റ്റിലായ 5 പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റമുള്‍പ്പെടെ ചുമത്തണമെന്നും ഇല്ലെങ്കില്‍ മൃതദേഹം സംസ്കരിക്കില്ലെന്നും അഞ്ജലിയുടെ കുടുംബം അറിയിച്ചിരുന്നു . കാർ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണൻ (27), മിഥുൻ (26), മനോജ് മിത്തൽ (27) എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്.

യുവതി കാറിനടിയിൽ കുടുങ്ങിയത് കണ്ടിരുന്നില്ലെന്നാണ് ഇവരുടെ മൊഴി. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഞ്ജലി, അമ്മയും 3 സഹോദരിമാരും 2 സഹോദരന്മാരും ഉൾപ്പെടുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു. പിതാവ് ഏതാനും വർഷം മുൻപു മരിച്ചു.

അപകടസമയത്ത് അഞ്ജലിയുടെ സുഹൃത്തായ നിധി എന്ന പെൺകുട്ടിയും ഒപ്പമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. അപകടത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ട ഇവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നിധിയെ കേസിൽ ദൃക്സാക്ഷിയാക്കുമെന്നും ഇവരുടെ മൊഴി നിർണായകമാകുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

Related Articles

Latest Articles