Tuesday, December 23, 2025

പ്രഭാസ് ശ്രീരാമനാകുന്ന ‘ആദിപുരുഷ്‘ ചിത്രീകരണം പൂർത്തിയായി: റിലീസ് തീയതി പുറത്ത്

മുംബൈ: ബാഹുബലിയിലൂടെ ഇന്ത്യൻ സിനിമ ലോകത്ത് ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. ഇപ്പോഴിതാ പ്രഭാസ് ശ്രീരാമ വേഷത്തിലെത്തുന്ന ‘ആദിപുരുഷ്‘ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. 103 ദിവസമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്.

ഓം റാവത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൂട്ടിംഗ് പൂർത്തിയാക്കിയ വിവരം സംവിധായകൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മനോഹരമായ ഒരു യാത്ര അവസാനിച്ചു എന്നാണ് സംവിധായകൻ ട്വിറ്ററിൽ കുറിച്ചത്. കുറിപ്പിനൊപ്പം പ്രധാന താരങ്ങൾക്കൊപ്പമുള്ള ചിത്രം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ബ്ലോക്ക്ബസ്റ്റർ വിജയമായ ‘താനാജി‘യുടെ സംവിധായകനാണ് ഓം റാവത്ത്. രാമായണത്തെ ആസ്പദമാക്കിയാണ് ‘ആദിപുരുഷ്’ ഒരുങ്ങുന്നത്. പ്രഭാസ് ശ്രീരാമനെ അവതരിപ്പിക്കുന്ന ആദിപുരുഷിൽ സണ്ണി സിംഗാണ് ലക്ഷ്മണനായി അഭിനയിക്കുന്നത്. കൃതി സീതയായും സെയ്ഫ് അലി ഖാൻ രാവണനായും വേഷമിടുന്നു.

2022 ഓഗസ്റ്റ് 11നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. നേരത്തെ തന്നെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ചിത്രത്തിന്റെ നിർമാണം ആരംഭിച്ചത്. ഓം റാവത്തിനൊപ്പം ഭൂഷൺ കുമാർ, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആദിപുരുഷ് ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും.

Related Articles

Latest Articles