Saturday, May 4, 2024
spot_img

പ്രാർത്ഥനകൾ ഫലം കണ്ടില്ല! മഹാരാജനെ രക്ഷിക്കാനായില്ല; അഗ്നിരക്ഷാസേന മൃതദേഹം പുറത്തെത്തിച്ചത് ഏറ്റവും ദുഷ്കരമായ ദൗത്യത്തിലൂടെ

തിരുവനന്തപുരം : ശനിയാഴ്ച വിഴിഞ്ഞം മുക്കോല ശക്തിപുരം റോഡിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ കുടുങ്ങിയ നിർമ്മാണ തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെത്തിച്ചത് സംസ്ഥാനത്ത് അഗ്നിരക്ഷാസേന അടുത്തിടെ നടത്തിയ ഏറ്റവും ദുഷ്കരമായ ദൗത്യത്തിലൂടെ. ഏതു നിമിഷവും മണ്ണിടിഞ്ഞ് മുകളിലേക്കു വീഴുമെന്ന അപകട ഭീഷണിക്കിടെ തുടർച്ചയായി ചെളികോരിയാണ് മൃതദേഹം ഇന്ന് പുറത്തെടുത്തത്.

എന്തു വന്നാലും മൃതദേഹം പുറത്തെത്തിക്കുമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഫയർഫോഴ്സ്. വയൽ പ്രദേശമായതിനാൽ മണ്ണ് നീക്കം ചെയ്യും തോറും വെള്ളവും ചെളിയും ശക്തിയായി ഒഴുകിയെത്തി. കിണറിലെ കോൺക്രീറ്റ് അറകൾ തകർന്നതിനാൽ ഏതു നിമിഷവും മണ്ണിടിഞ്ഞ് കിണർ മൂടാം എന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ. കൊല്ലത്തുനിന്നും കിണർ നിർമാണത്തിൽ വിദഗ്ധരായ തൊഴിലാളികളെ കൊണ്ടുവന്നു. ഒരു അഗ്നിശമനസേനാംഗവും തൊഴിലാളിയും കിണറിലേക്ക് ഇറങ്ങി.

വീതി കുറഞ്ഞ കിണറിലിറങ്ങി ചെളികോരി കയറിൽ കയറ്റി വിടാനും പ്രയാസമുണ്ടായി. കിണറിനു വീതി തീരെ കുറവായതിനാൽ അധികം പൊക്കവും തടിയും ഇല്ലാത്തവർക്കു മാത്രമേ കിണറ്റിലിറങ്ങി ചെളി കോരി മാറ്റാൻ കഴിയുമായിരുന്നുള്ളൂ. മണ്ണൊലിപ്പ് ശക്തമായതോടെ ലോഹത്തിൽ റിങ് നിർമിച്ച് കിണറിന്റെ വശങ്ങൾ കൂടുതൽ ബലപ്പെടുത്തി. വെള്ളം പമ്പുവച്ച് പുറത്തേക്ക് ഒഴുക്കി. മുകളിൽനിന്ന് നിര്‍ദേശങ്ങൾ മൈക്കിലൂടെ കൈമാറി. കഠിന പ്രയത്നത്തിലൂടെ ഇന്നു രാവിലെ പത്തരമണിയോടെയാണ് ശരീരം പുറത്തെത്തിക്കാൻ സാധിച്ചത്.

വിഴിഞ്ഞം മുക്കോല ശക്തിപുരം റോഡിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കിണറിനുള്ളിൽ നേരത്തെ വീണ മണ്ണ് മാറ്റുന്നതിനും പമ്പുസെറ്റ് ഉൾപ്പെട്ട മോട്ടോർ മുകളിലേക്കു മാറ്റുന്നതിനുമാണ് മഹാരാജനും മുക്കോല സ്വദേശികളായ ശേഖർ, കണ്ണൻ, മോഹൻ, പുന്നക്കുളം സ്വദേശി മണികണ്ഠൻ എന്നീ തൊഴിലാളികളുമെത്തിയത്. കിണറിനുള്ളിലുണ്ടായിരുന്ന പമ്പ്സെറ്റും അനുബന്ധ ഉപകരണങ്ങളും കയർകെട്ടി മുകളിലേക്ക് ഉയർത്താൻ ശ്രമിക്കവേയാണ് മണ്ണിടിച്ചിലുണ്ടാകുന്നതും കിണറ്റിലിറങ്ങിയ മഹാരാജൻ അകപ്പെടുന്നതും. മുകളിലേക്കു കയറാൻ ശ്രമിക്കുന്നതിനിടയിൽ പുതുതായി അടുക്കിയ ഉറകൾക്കു താഴെയുള്ള പഴയ ഉറകൾ മണ്ണിടിച്ചിലിനെത്തുടർന്ന് ഇളകി മഹാരാജന്റെ ദേഹത്ത് വീഴുകയായിരുന്നു.

Related Articles

Latest Articles