Thursday, May 16, 2024
spot_img

രാജ്യം ഉറ്റുനോക്കുന്ന രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് രാവിലെ 10 മുതൽ

ദില്ലി: രാജ്യം ആകാംഷയോടെ ഉറ്റുനോക്കുന്ന രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്ന് രാവിലെ പത്തിന് വോട്ടെടുപ്പ് ആരംഭിക്കും. ഇതിനായി പാർലമെന്‍റ് മന്ദിരത്തില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പാർലമെന്‍റിൽ അറുപത്തിമൂന്നാം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ്. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. എം പിമാരും എം എല്‍ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തുക.

അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്, അതായത്6.61 ലക്ഷത്തിന് മുകളിൽ വോട്ട് മൂല്യം. അതോടെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനവാസി നേതാവാകും മുർമു. പ്രതിപക്ഷ സ്ഥാനാർത്ഥിയായ സിൻഹയ്‌ക്ക് ലഭിക്കുന്ന വോട്ട് മൂല്യം 4.19 ലക്ഷമാകും. ആകെ വോട്ടു മൂല്യം 10,86,431 ആണ്. അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.

എൻ ഡി എ സ്ഥാനാർത്ഥിക്ക് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തെ ശിവസേന, ഝാ‌ർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ മുർമുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടമായത്. വൈ എസ് ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എൻ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകൾ കിട്ടാനാണ് സാധ്യത. മറുവശത്ത് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ആം ആദ്മി പാർട്ടി അവസാനം പിന്തുണ അറിയിച്ചതാണ് ആശ്വാസം.

അതേസമയം കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), തൃണമൂൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) , സമാജ്വാദി പാർട്ടി, നാഷണൽ കോൺഫറൻസ്, ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം), രാഷ്‌ട്രീയ ജനതാദൾ, ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) കക്ഷികളാണ് സിൻഹയെ പിന്തുണയ്‌ക്കുന്നത്.

Related Articles

Latest Articles