Thursday, March 28, 2024
spot_img

വിചാരണ വൈകുന്നു എന്ന കാരണത്താൽ ജാമ്യം വേണമെന്ന ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിവരെ; രക്ഷയില്ലാതായപ്പോൾ പൾസർ സുനിയുടെ മാനസിക നില തെറ്റി? സുനിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് സർക്കാർ; കേസിൽ വീണ്ടും അനാവശ്യ ഇടപെടലുകളോ ?

തൃശൂർ: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്നാംപ്രതി ‌പൾസർ സുനിയെ തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. ‌സുനിയുടെ മാനസിക നിലയെക്കുറിച്ചോ രോഗവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. പൾസർ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. എറണാകുളം സബ്ജയിലിലായിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അഡ്‌മിറ്റ്‌ ചെയ്ത് ചികിത്സ തുടങ്ങിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയതോടെ സുനിയുടെ മാനസികാരോഗ്യം മോശമായെന്നാണു വിവരം. ജയിലില്‍ കഴിയുന്ന കേസിലെ ഏക പ്രതിയാണു താനെന്നും കേസിന്റെ വിചാരണ ഇനിയും വൈകുമെന്നും ചൂണ്ടിക്കാട്ടിയാണു സുനി ജാമ്യാപേക്ഷ നൽകിയത്. പള്‍സര്‍ സുനി കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്നും അതുകൊണ്ടു ജാമ്യം അനുവദിക്കാനാവില്ലെന്നുമാണു ജസ്റ്റിസ് അജയ് രസ്തോഗി അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. നടിയെ ആക്രമിച്ചെന്ന കേസില്‍ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്. കേസിലെ വിചാരണ പൂർത്തീകരിക്കാൻ വൈകുന്നത് പരിഗണിച്ച് കേസിലെ രണ്ടാംപ്രതിയായ മാർട്ടിന് സുപ്രീംകോടതി ജാമ്യം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പൾസർ സുനിയും കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണു പൾസർ സുനി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഈ വര്‍ഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സമയത്തിനുള്ളില്‍ വിചാരണ അവസാനിച്ചില്ലെങ്കില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles