Monday, October 12, 2026

ലോകമാന്യ തിലക് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; സമ്മാനത്തുക നമാമി ഗംഗേ പദ്ധതിക്ക് നൽകാൻ തീരുമാനിച്ചുവെന്ന് ഭാരതത്തിന്റെ പ്രധാന സേവകൻ

മുംബൈ: സ്വാതന്ത്ര്യസമര സേനാനി ലോകമാന്യ ബാലഗംഗാധര തിലകിന്റെ 103-ാം സ്മൃതിദിനത്തിൽ ലോകമാന്യ തിലക് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പൂനെയിൽ വെച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. തിലക് സ്മാരക മന്ദിർ ട്രസ്റ്റ് എല്ലാ വർഷവും ലോകമാന്യ തിലകിന്റെ ചരമവാർഷികമായ ഓഗസ്റ്റ് ഒന്നിന് അദ്ദേഹത്തിന്റെ സ്മരണാർത്ഥം അവാർഡ് വിതരണം നടത്താറുണ്ട്. 1983-ൽ രൂപീകരിച്ച ലോകമാന്യ തിലക് ദേശീയ അവാർഡ് രാവിലെയാണ് പ്രധാനമന്ത്രി ഏറ്റുവാങ്ങിയത്. കൂടാതെ ഈ പുരസ്കാരം രാജ്യത്തെ 140 കോടി ജനങ്ങൾക്ക് സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും സമ്മാനത്തുക നമാമി ഗംഗേ പദ്ധതിക്ക് നൽകാൻ തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര ഗവർണർ രമേഷ് ബൈസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ, കോൺഗ്രസ് നേതാവ് സുശീൽകുമാർ ഷിൻഡെ എന്നിവരും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി പ്രവർത്തിച്ചവർക്കും അവരുടെ സംഭാവനകൾക്കുമാണ് ലോകമാന്യ തിലക് ദേശീയ ദേശീയ പുരസ്‌കാരം നൽകുന്നത്.

“ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ലോകമാന്യ തിലകിന്റെ പങ്കും അദ്ദേഹത്തിന്റെ സംഭാവനകളും ചുരുക്കം ചില വാക്കുകളിൽ സംഗ്രഹിക്കാനാവില്ല. സ്വാതന്ത്ര്യ സമര സേനാനിയായ ലോകമാന്യ ബാലഗംഗാധര തിലകിനും സാമൂഹിക പരിഷ്കർത്താവ് അണ്ണാ ഭൗ സാത്തേയ്‌ക്കും ഞാൻ ആദരവ് അർപ്പിക്കുന്നു,” – പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles