Thursday, May 16, 2024
spot_img

“അധികാരത്തിലെത്തിയ ആദ്യ ദിനം മുതൽ കെ. ചന്ദ്രശേഖര റാവു തെലങ്കാനയിൽ ദളിതരെ കബളിപ്പിക്കുന്നു”- രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; വേദിയിൽ പൊട്ടിക്കരഞ്ഞ് മഡിഗ സംവരണ സമര സമിതി നേതാവ്

ഹെെദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനം ഒരു ദളിത് നേതാവിന് നൽകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ റാവു ആദ്യ ദിനം മുതൽ ദളിതരെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവയെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.

“2014-ലെ തിരഞ്ഞെടുപ്പ് കാലത്ത് അധികാരത്തിലേറിയാൽ സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനം ഒരു ദളിത് നേതാവിന് നൽകുമെന്നായിരുന്നു കെ.സി.ആർ പറഞ്ഞത്. എന്നാൽ, അദ്ദേഹം സ്വയം സ്ഥാനം ഏറ്റെടുത്തു. എല്ലാ ദളിത് കുടുംബങ്ങൾക്കും മൂന്ന് ഏക്കർ ഭൂമി നൽകുമെന്ന മറ്റൊരു വാ​ഗ്ദാനവും അദ്ദേഹം പാലിച്ചില്ല. സംസ്ഥാന സർക്കാർ ഏറെ പ്രചാരം നൽകിയ ദളിത് ബന്ധു പദ്ധതി ഭൂരിപക്ഷം ദളിത് കുടുംബങ്ങളിലേക്കെത്തിയില്ല.

ദളിത് സമൂഹത്തെ അപമാനിക്കുന്നതിൽ മാത്രമല്ല അഴിമതിയുടെ കാര്യത്തിലും കോൺ​ഗ്രസും ബിആർഎസും വ്യത്യസ്തരല്ല. വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ കേന്ദ്രവുമായി സഹകരിക്കാൻ ബി.ആർ.എസ് തയ്യാറല്ല. അതേസമയം, അവർ ആം ആദ്മി സർക്കാരുമായി ചേർന്ന് വലിയ കുംഭകോണത്തിൽ ഏർപ്പെടുന്നു.

റാലിയില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നതിനിടെ മഡിഗ സംവരണ സമര സമിതി നേതാവ് മന്ദ കൃഷ്ണ മാഡിഗ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രിമാരാരും മഡി​ഗ സമൂഹത്തിലുള്ളവരുടെ യോ​ഗത്തിൽ ഇതുവരെ പങ്കെടുത്തിട്ടില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വികാര പ്രകടനം. നേതാവിനെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്.

Related Articles

Latest Articles