Thursday, May 2, 2024
spot_img

ഡിസംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യ സന്ദർശിക്കും,11,100 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ലഖ്നൗ: രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഡിസംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെത്തി നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.അയോദ്ധ്യ വിമാനത്താവളത്തിന്റെയും പുനർവികസിപ്പിച്ച അയോദ്ധ്യ റെയിൽവേ സ്റ്റേഷൻറെയും ഉദ്ഘാടനം, പുതിയ അമൃത് ഭാരത് ട്രെയിനുകളുടെയും വന്ദേ ഭാരത് ട്രെയിനുകളുടെയും ഫ്‌ളാഗ്‌ ഓഫ് കർമം
എന്നിവ പ്രധാനമന്ത്രി നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

‘അയോദ്ധ്യ ആധുനിക ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, സമ്പർക്ക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, നഗരത്തിന്റെ സമ്പന്നമായ ചരിത്രത്തിനും പൈതൃകത്തിനും അനുസൃതമായി പൊതു സൗകര്യങ്ങൾ നവീകരിക്കുക എന്നിവയാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമായി, നഗരത്തിൽ പുതിയ വിമാനത്താവളം, പുനർവികസിപ്പിച്ച റെയിൽവേ സ്റ്റേഷൻ, പുനർവികസിപ്പിച്ച് വീതികൂട്ടി മനോഹരമാക്കിയ റോഡുകൾ, മറ്റ് പൊതു അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉദ്ഘാടനം ചെയ്യും. കൂടാതെ, അയോദ്ധ്യ യിലെയും പരിസരങ്ങളിലെയും സൗകര്യങ്ങളുടെ സൗന്ദര്യവൽക്കരണത്തിനും നവീകരണത്തിനും സഹായിക്കുന്ന നിരവധി പുതിയ പദ്ധതികൾക്ക് തറക്കല്ലിടും’ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി രാജ്യത്തെ സൂപ്പർഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളുടെ പുതിയ വിഭാഗമായ അമൃത് ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ശീതികരിക്കാത്ത കോച്ചുകളുള്ള എൽഎച്ച്ബി പുഷ് പുൾ ട്രെയിനാണ് അമൃത് ഭാരത് ട്രെയിൻ. ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. മറ്റ് നിരവധി റെയിൽവേ പദ്ധതികളും രാജ്യത്തിന് സമർപ്പിക്കും.

1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചത്. വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. ഇത് പ്രതിവർഷം 10 ലക്ഷം യാത്രക്കാർക്ക് സേവനം നൽകും. ടെർമിനൽ കെട്ടിടത്തിന്റെ മുൻഭാഗം അയോധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന ശ്രീരാമ ക്ഷേത്ര വാസ്തുവിദ്യയെ ചിത്രീകരിക്കുന്നതാണ്. ടെർമിനൽ കെട്ടിടത്തിന്റെ അകത്തളങ്ങൾ ഭഗവാൻ ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പ്രാദേശിക കലാ വിരുതുകൾ, ചിത്രങ്ങൾ, ചുവർചിത്രങ്ങൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു.

വരാനിരിക്കുന്ന ശ്രീരാമക്ഷേത്രത്തിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിനായി, അയോദ്ധ്യയിൽ പുതുതായി പുനർവികസിപ്പിച്ചതും വീതികൂട്ടി മനോഹരമാക്കിയതുമായ അയോധ്യ- റാംപഥ്, ഭക്തിപഥ്, ധരംപഥ്, ശ്രീരാമ ജന്മഭൂമി പഥ് എന്നീ നാല് റോഡുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പൊതുപരിപാടിയിൽ 15,700 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. അയോധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനായി ഏകദേശം 11,100 കോടി രൂപയുടെ പദ്ധതികളും ഉത്തർപ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട 4600 കോടി രൂപയുടെ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.

Related Articles

Latest Articles