Sunday, December 28, 2025

താലിബാനില്‍ നിന്ന് രക്ഷിക്കൂ; സഹ്‌റ കരീമിയുടെ കത്ത് പങ്കുവെച്ച് പ്രിഥ്വിരാജ്

കൊച്ചി:അഫ്ഗാന്‍ സംവിധായികയും നിര്‍മാതാവുമായ സഹ്‌റ കരീമിയുടെ കത്ത് ട്വിറ്ററില്‍ പങ്കുവെച്ച് നടന്‍ പ്രിഥ്വിരാജ്. ഭീകരവാദികളായ താലിബാനില്‍ നിന്ന് അഫ്ഗാനെ വിമോചിപ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള സഹ്‌റ കരീമിയുടെ കത്താണ് താരം പങ്കുവെച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാന്‍ കയ്യാളുന്നതിനെതിരെ സിനിമാ മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് അഫ്ഗാന്‍ സംവിധായികയുടെ കത്ത് തന്നെ പ്രിഥ്വിരാജ് പങ്കുവെക്കുന്നത്.

‘അവര്‍ ജനങ്ങളെ കൂട്ടക്കൊല ചെയ്തു. അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടികളെ അവരുടെ വധുക്കളാക്കി അവര്‍ വിറ്റു. ഈ നിശബ്ദത എനിക്ക് മനസിലാകുന്നില്ല.ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്യും. പക്ഷേ എനിക്ക് അത് ഒറ്റയ്ക്ക്‌സാധിക്കുന്നില്ല.എനിക്ക് നിങ്ങളെ പോലുള്ള സഖ്യകക്ഷികളെ വേണം.ഈ ലോകം അഫ്ഗാനിസ്ഥാനികളെ ഉപേക്ഷിക്കാതിരിക്കാന്‍ ദയവായി ഞങ്ങളെ സഹായിക്കൂ. കാബൂള്‍ താലിബാന്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ഞങ്ങളെ സഹായിക്കൂ. ഞങ്ങള്‍ക്ക് കുറച്ചുസമയമേ ഉള്ളൂ. ഒരു പക്ഷേ ദിവസങ്ങള്‍ ‘സഹ്‌റ കരീമി ട്വിറ്ററില്‍ പറയുന്നു.

ഈ കത്താണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.അഫ്ഗാനിലെ മനുഷ്യത്വവിരുദ്ധരായ ഭീകരവാദികളുടെ സര്‍ക്കാരിനെതിരെ ഗായിക സിതാര സംവിധായകന്‍ ജൂഡ് ആന്റണി എന്നിവര്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ പ്രതിഷേധവും വ്യക്തമാക്കി പ്രിഥ്വിരാജും രംഗത്തെത്തിയത്. നേരത്തെ അനുരാഗ് കശ്യപും സഹ്‌റയുടെ കത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

Related Articles

Latest Articles