Friday, May 10, 2024
spot_img

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് ; പണിമുടക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ; കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാവശ്യം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. സീറ്റ് ബെൽറ്റ്, ക്യാമറ, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനവ് തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബസുടമകൾക്ക് സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് ആരോപണം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി.

വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കണമെന്നതാണ് ബസുടമകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. അതിദരിദ്രരായ വിദ്യാർഥികൾക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെ എടുത്തതാണെന്നും സംയുക്ത സമരസമിതി ആരോപിക്കുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഓർഡിനറിയാക്കി മാറ്റി 140 കി.മീ അധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ നിർത്തലാക്കാനുള്ള തീരുമാനവും സർക്കാർ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. അതേസമയം, പണിമുടക്കിനെ നേരിടാൻ സംസ്ഥാനത്ത് കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസ് പണിമുടക്കിനെ തുടർന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ നവംബർ മൂന്നിലേക്ക് മാറ്റി.

Related Articles

Latest Articles