Saturday, January 10, 2026

കാത്തിരിപ്പിന് വിരാമം: വിജയിയുടെ ‘ബീസ്റ്റ്’ നാളെ എത്തും; അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനങ്ങൾ

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. നെല്‍സനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം വിജയുടെ 65മത് സിനിമ കൂടെയാണ് ബീസ്റ്റ്. വിജയ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ആയതിനാൽ ചിത്രത്തിന്റെ അപ്ഡേഷനുകളെല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

മാത്രമല്ല റിലീസിന് മണിക്കൂറുകൾ ബാക്കി നിൽക്കെ വിവിധ ഇടങ്ങളിൽ ആരാധകർ ആഘോഷം തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ വിജയ് ചിത്രത്തിന്റെ റിലീസ് പ്രമാണിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

അതേസമയം നാളെ പ്രവർത്തി ദിവസമായതിനാൽ ജീവനക്കാർക്ക് വിജയ് പടം ആസ്വദിക്കുന്നതിന് വേണ്ടിയാണ് കമ്പനികൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള കമ്പനികളുടെ നോട്ടീസുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

‘ബീസ്റ്റ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടത് വൻ ഹിറ്റായിരുന്നു. ‘വീരരാഘവന്‍’ എന്ന സ്‍പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ആദ്യം ഏപ്രിൽ 14 നാണ്‌ ബീസ്റ്റ് റിലീസിനായി ഒരുങ്ങിയിരുന്നത്‌. എന്നാൽ ഏപ്രിൽ 14നു കെജിഎഫ് 2 റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി വിജയ് നായകനാകുന്ന ‘ബീസ്റ്റ്’ ഏപ്രിൽ 13നാണ് റിലീസിനെത്തുന്നത്. സൺ പിക്ചേഴ്സ് ആണ് സിനിമയുടെ റിലീസ് ഡേറ്റ് ഔദ്യോഗികമായി അറിയിച്ചത്. ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫ് 2വുമായി ആദ്യ ദിന ക്ലാഷ് ഒഴിവാക്കുന്നതിൻറെ ഭാഗമായാണ് ബീസ്റ്റ് ഒരു ദിവസം മുൻപ് എത്തുന്നതെന്നാണ് സൂചന.

സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. കൂടാതെ മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നുണ്ട്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

എന്തായാലും ഫസ്റ്റ്ഡേ ക്ലാസ് ഒഴിവാക്കിയെങ്കിലും തമിഴ്നാട്ടില്‍ അടക്കം ഉത്സവ സീസണിലെ വാരത്തില്‍ ഇരുപടങ്ങളും തമ്മില്‍ മത്സരം ഇതോടെ ഉറപ്പായി. കേരളത്തില്‍ അടക്കം ഇരുപടങ്ങളും പ്രതീക്ഷിക്കുന്ന വലിയ പ്രക്ഷേക സമൂഹം ഉണ്ട്.

Related Articles

Latest Articles