Thursday, May 2, 2024
spot_img

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണം; നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര

ബംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. എന്‍ഐഎ രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കര്‍ണാടകയിലും പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു.

ഇന്നലെ സംസ്ഥാനത്ത് 18 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. അതിൽ 15 പേരെ കസ്റ്റഡിയില്‍ എടുത്തുവെന്നും ഏഴ് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തുവെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇതിനിടെ , പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോര്‍ട്ട് നല്‍കുമെന്ന വിവരങ്ങളും ഇന്ന് പുറത്ത് വന്നിരുന്നു. പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എൻഐഎ പറഞ്ഞു.

താലിബാൻ മാതൃക മതമൗലികവാദം പിഎഫ്ഐ പ്രചരിപ്പിക്കുന്നതിന്‍റെ രേഖകൾ കിട്ടിയതായും എൻഐഎ അവകാശപ്പെട്ടു. പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎ നടത്തിയ ഓപ്പറേഷനിൽ 45 പേരാണ് ഇന്നലെ അറസ്റ്റിലായത്. ദില്ലിയിൽ എത്തിച്ച നേതാക്കളെ എൻഐഎ ആസ്ഥാനത്ത് ഇന്നലെ ചോദ്യം ചെയ്തു. ഡിജി ദിൻകർ ഗുപ്തയുടെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു എൻഐഎ ചോദ്യങ്ങൾ ഉന്നയിച്ചത്. വിദേശത്തെ യുണിറ്റുകൾ വഴി പിഎഫ്ഐ പണം ശേഖരിച്ചതിന്‍റെ തെളിവുകൾ ഉണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.

Related Articles

Latest Articles