റാഞ്ചി: ജാർഖണ്ഡിലെ വിവിധ സർക്കാർ നിയമന പരീക്ഷകളിൽ നടന്ന വ്യാപക ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ സമരം കൂടുതൽ ശക്തമാക്കി വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 20-ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഔദ്യോഗിക വസതി വളഞ്ഞ് ഘെരാവോ ചെയ്യുമെന്ന് സമരസമിതി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ മുഴുവൻ 24 ജില്ലകളിലും മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും കോലം കത്തിക്കുമെന്നും പ്രക്ഷോഭകർ വ്യക്തമാക്കി. വിദ്യാർത്ഥി സംഘടനകളുടെ ന്യായമായ ആവശ്യങ്ങളിൽ ഭരണകക്ഷിയായ ജെഎംഎം-കോൺഗ്രസ് സഖ്യ സർക്കാർ ഇതുവരെ കൃത്യമായ നടപടിയെടുക്കാതെ വഞ്ചിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു.
ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (JSSC), പബ്ലിക് സർവീസ് കമ്മീഷൻ (JPSC) തുടങ്ങിയ മത്സരപരീക്ഷകളിലെ അഴിമതിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലായി റാഞ്ചി കേന്ദ്രീകരിച്ച് വൻ വിദ്യാർത്ഥി പ്രക്ഷോഭമാണ് നടക്കുന്നത്. സർക്കാരുമായി നടത്തിയ ചർച്ചകൾ ഫലം കാണാത്തതിനെ തുടർന്നാണ് സമരം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. പ്രഖ്യാപനത്തെ തുടർന്ന് റാഞ്ചിയിലും മുഖ്യമന്ത്രിയുടെ വസതിക്ക് ചുറ്റും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

