Friday, September 25, 2026

ചിങ്ങത്തിന് മുന്നേ അത്തം പിറന്നു.. ഇനി കേരളം മുഴുവൻ ഓണ വൈബ്: തൃപ്പൂണിത്തുറയിൽ ഓണത്തിന് കൊടിയേറി! അത്തച്ചമയ ഘോഷയാത്രയിൽ നഗരം ഉത്സവലഹരിയിൽ; ഗതാഗത നിയന്ത്രണം ശക്തം

എറണാകുളം: അത്തം പിറന്നു.. ഇനി കേരളം മുഴുവൻ ഓണത്തിന്റെ ആഘോഷനിറത്തിൽ! മലയാളികളുടെ പത്തുനാൾ നീളുന്ന ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായ ഉത്സവച്ചൂടേകി തൃപ്പൂണിത്തുറയിൽ ഇന്ന് അത്തച്ചമയ ഘോഷയാത്ര. ചരിത്രപ്രസിദ്ധമായ അത്തം വീഥികൾ വർണാഭമാകുമ്പോൾ, കേരളം ഒന്നാകെ ഓണാവേശത്തിലേക്ക് കടക്കുകയാണ്. എന്നാൽ ചിങ്ങം ഒന്ന് നാളെയാണ് . ചിങ്ങം പിറക്കും മുൻപേ ഇത്തവണ അത്തം പിറന്നിരിക്കുകയാണ. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും നിറയുന്ന ഘോഷയാത്ര കാണാൻ പതിനായിരങ്ങളാണ് തൃപ്പൂണിത്തുറയിലേക്ക് എത്തുന്നത്.

കൊച്ചി രാജവംശത്തിന്റെ പ്രതിനിധി അത്തം പതാക നഗരസഭയ്ക്ക് കൈമാറിയതോടെയാണ് അത്തച്ചമയത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായത്. ഇന്ന് അത്തം പിറന്നതോടെ ഓണത്തിന്റെ വരവറിയിച്ചിരിക്കുകയാണ് കേരളം. കർക്കിടകത്തിന്റെ അവസാനവും പുതിയ പ്രതീക്ഷകളുമായി ചിങ്ങപ്പുലരിയിലേക്കുള്ള കാത്തിരിപ്പും കൂടിയാകുമ്പോൾ, ഇനി കേരളത്തിന്റെ തൊടികളിലും മുറ്റങ്ങളിലും ഓണത്തിന്റെ നിറം പടരും.

പൂക്കളമൊരുക്കിയും പൂ പറിച്ചും പുതിയ വസ്ത്രങ്ങളണിഞ്ഞും ഓണസദ്യയുടെ രുചിയറിഞ്ഞും മലയാളികൾ ആഘോഷത്തിലേക്ക് കടക്കും. അതിന്റെ ആഘോഷപ്പെരുമ വിളിച്ചോതിയാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര അരങ്ങേറുന്നത്.

തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ രാവിലെ ഒമ്പതിന് നടക്കുന്ന അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. മന്ത്രി അനൂപ് ജേക്കബ് അത്തപ്പതാക ഉയർത്തും. തുടർന്ന് സിനിമാതാരം മനോജ് കെ. ജയൻ അത്തം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

അത്തച്ചമയത്തിന്റെ താളമേളങ്ങൾക്കൊപ്പം തൃപ്പൂണിത്തുറ ഉത്സവനഗരമാകുമ്പോൾ, കേരളത്തിന്റെ ഓണാഘോഷങ്ങൾക്കും ഇതോടെ ഗംഭീര തുടക്കമാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഇത്തവണ ഘോഷയാത്രയിൽ അണിനിരക്കുന്നത്. പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങി കേരളത്തിന്റെ തനത് കലാരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. ബോയ്‌സ് ഹൈസ്‌കൂൾ മൈതാനിയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര സ്റ്റാച്യു ജങ്ഷൻ, കിഴക്കേക്കോട്ട, പഴയ സ്റ്റാൻഡ്, എസ്.എൻ. ജങ്ഷൻ, വടക്കേക്കോട്ട, പൂർണത്രയീശ ക്ഷേത്രം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെ നഗരത്തെ ചുറ്റി വീണ്ടും ബോയ്‌സ് ഹൈസ്‌കൂളിൽ സമാപിക്കും.

ഗതാഗത നിയന്ത്രണം ശക്തം

അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് തൃപ്പൂണിത്തുറ നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ഭാഗത്ത് നിന്ന് എത്തുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട്-എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്ക് പോകണം. വൈക്കം ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി–തിരുവാങ്കുളം റോഡ് വഴി എറണാകുളത്തേക്ക് പ്രവേശിക്കണം.

ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടെയ്നർ ലോറി തുടങ്ങിയ വലിയ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. പുതിയകാവ് ഭാഗത്ത് നിന്ന് മാർക്കറ്റ് റോഡ് വഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജങ്ഷനിലേക്കും വാഹനങ്ങൾക്ക് പ്രവേശന നിയന്ത്രണമുണ്ട്

Related Articles

Latest Articles