Saturday, April 20, 2024
spot_img

ഭാരതത്തിന്റെ ധീരജവാന്മാർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; സി‌ആർപി‌എഫ് ജവാന്മാരുടെ ഭൗതിക ശരീരം ചുമന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി; രാജ്‌നാഥ് നൽകിയത് കീഴ്വഴക്കങ്ങൾ മറികടന്നുള്ള ആദരവ്

ശ്രീനഗര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് അന്ത്യോപചാരം അര്‍പ്പിച്ചു. രാജ്‍നാഥ് സിംഗും ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗും സിആര്‍പിഎഫ് ക്യാമ്പിലെ മറ്റ് സൈനികര്‍ക്കൊപ്പം ആക്രമണത്തില്‍ മരിച്ച ധീരസൈനികരുടെ ഭൗതിക ശരീരം ചുമക്കാന്‍ ഒപ്പം ചേര്‍ന്നു.

നേരത്തേ ആഭ്യന്തരമന്ത്രി രാജ്‍നാഥ്സിംഗും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും കരസേനയുടെ വടക്കന്‍ കമാന്‍ഡ് ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ രണ്‍ബീര്‍ സിംഗും ആക്രമണത്തില്‍ മരിച്ച സൈനികരുടെ മൃതശരീരങ്ങളില്‍ പുഷ്പചക്രം സമര്‍പ്പിച്ചപ്പോള്‍ ‘വീര്‍ ജവാന്‍ അമര്‍ രഹേ’ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. പുല്‍വാമയില്‍ നിന്നും ബദ്‍ഗാമിലെ സിആര്‍പിഎഫ് ക്യാമ്പിലേക്കാണ് സൈനികരുടെ മൃതദേഹങ്ങള്‍ ആദ്യം എത്തിച്ചത്.

സഹപ്രവര്‍ത്തകര്‍ക്ക് സൈനികര്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചപ്പോള്‍ വൈകാരിക നിമിഷങ്ങള്‍ക്ക് സൈനിക ക്യാമ്പ് സാക്ഷിയായി. പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങിന് ശേഷം സൈനികരുടെ മൃതദേഹങ്ങള്‍ പുറത്തേക്കെടുത്തപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ജമ്മു കശ്മീര്‍ പൊലീസ് മേധാവിയും ശവമഞ്ചം ചുമക്കാന്‍ കൂടിയത്.

Related Articles

Latest Articles