മരണത്തിനു മുൻപ് പുനീത് ചെയ്ത കാര്യങ്ങൾ കണ്ടോ ? നിങ്ങൾ ഞെട്ടും | Puneeth RajKumar
ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തു. നാരായണ നേത്രലയത്തിലേക്കാണ് കണ്ണുകള്‍ ദാനം ചെയ്തത്. പുനീതിന്റെ പിതാവ് രാജ്കുമാറുമിന്റെ കണ്ണുകളും മരണശേഷം ദാനം ചെയ്തിരുന്നു. ഇതേ മാതൃക പിന്തുടര്‍ന്നാണ് പുനീതിന്റെ കണ്ണുകളും കുടുംബം ദാനം ചെയ്തത്.
താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ബംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യാതൊരുവിധത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളും പുനീത് രാജുമാറിന് നേരത്തെ ഉണ്ടായിരുന്നില്ല. പൂർണ ആരോഗ്യവാനായിരുന്ന പുനീത് ഫിറ്റ്നസ്റ്റ് ഫ്രീക്കുമായിരുന്നു. പെട്ടന്നുള്ള വാർത്തയുടെ നടുക്കത്തിലാണ് ആരാധകരും വേണ്ടപ്പെട്ടവരും. കന്നഡയിലെ പ്രശസ്ത രാജ്കുമാർ കുടുംബത്തിലെ അംഗമാണ് പുനീത് രാജ്കുമാർ. അച്ഛൻ രാജ്കുമാറിന്റെ പാരമ്പര്യം പിൻതുടർന്ന് ബാലതാര വേഷങ്ങളിലൂടെയാണ് സിനിമയിൽ എത്തിയത്. മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഉൾപ്പടെ നിരവധി ഫിലിം ഫെയർ പുരസ്‌കാരവും പുനീത് നേടിയിട്ടുണ്ട്. ‘യുവരത്‌ന’യാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ കന്നഡ ചിത്രമായ ‘മൈത്രി’യിൽ അതിഥി താരമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2006ഏപ്രിൽ 12നു കന്നഡ സിനിമയിലെ ഇതിഹാസതാരം ഡോ.രാജ്കുമാർ അന്തരിച്ചപ്പോൾ നടുങ്ങിയ കന്നഡ ജനത ഏറെക്കുറെ സമാനമായ അവസ്ഥയിലാണിന്നും. ഡോ.രാജ് എന്ന് അവർ സ്‌നേഹാദരപൂർവം വിളിച്ച ഡോ.രാജ്കുമാർ. ഡോ.രാജിന്റെ ഇളയ മകൻ കന്നഡ സിനിമയിലെ യുവ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ വിയോഗവാർത്ത കേട്ട ഞെട്ടലിൽ നിശ്ചലമാണു കർണാടക. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മുതിർന്ന നേതാക്കളും പുനീതിന്റെ ജ്യേഷ്ഠ സഹോദരങ്ങളായ സൂപ്പർ താരം ശിവരാജ് കുമാറും നടൻ രാഘവേന്ദ്ര രാജ്കുമാറുമെല്ലാം ജനങ്ങളോടും പുനീതിന്റെ ആരാധകരോടും ആവർത്തിച്ച് അഭ്യർത്ഥിക്കുകയാണ് പുനീതിനെ സമാധാനപൂർവം യാത്രയയയ്ക്കണമെന്ന്. 2006 ഏപ്രിലിൽ ഡോ.രാജ്കുമാറിന്റെ ഭൗതിക ശരീരം ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചപ്പോഴുണ്ടായ അക്രമസംഭവങ്ങളാകാം അവരുടെ മനസ്സിൽ. അന്നു ബെംഗളൂരു നഗരമാകെ അക്രമപരമ്പരകൾ അരങ്ങേറിയിരുന്നു. ബന്ദായിരുന്നു ആ ദിവസങ്ങളിൽ കർണാടകയിൽ. ഇതരഭാഷാ ചാനലുകളടക്കം എല്ലാ ചാനലുകളിലും ദുഃഖഗീതം. കാവേരി വിഷയത്തിലും വീരപ്പൻ ഡോ.രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയപ്പോഴും മാത്രമാണു കർണാടക അതിനു മുൻപ് അങ്ങനെ നിശ്ചലമായത്.
ഡോ.രാജ്കുമാറിന്റെ തനിപ്പകർപ്പെന്ന ഖ്യാതിയായിരുന്നു പുനീത് രാജ്കുമാറിന്. മൂത്ത മകൻ ശിവരാജ് കുമാർ എന്ന ‘ശിവണ്ണയും’ രണ്ടാമത്തെ മകൻ രാഘവേന്ദ്രയുമെല്ലാം നടന്മാർതന്നെയെങ്കിലും കുടുംബത്തിന്റെ ഓമന എന്നും ഇളയ മകനായിരുന്നു. 2006 ഏപ്രിലിൽ ഡോ.രാജ്കുമാറിന്റെ ഭൗതികശരീരം പൊതുദർശനത്തിനുവച്ച അതേ കണ്ഠീരവ സ്റ്റേഡിയത്തിലാണ് ഇപ്പോൾ 15 വർഷത്തിനിപ്പുറം പുനീത് രാജ്കുമാറെന്ന നാൽപ്പത്തിയാറുകാരന്റ ഭൗതികശരീരവും പൊതുദർശനത്തിനു വച്ചത്.
ആറു മാസം മാത്രം പ്രായമുള്ളപ്പോൾ സിനിമയിൽ മുഖം കാണിച്ചുതുടങ്ങിയ താരമാണു പുനീത്. അച്ഛൻ സിനിമാത്തിരക്കിൽ മദ്രാസിലായിരുന്ന കാലത്തു പുനീതിന്റെ ജനനവും അവിടെയായിരുന്നു. 1975 മാർച്ച് 17ന്. 1985ൽ പുനീതിനെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം തേടിയെത്തി. ‘ബെട്ടദ ഹൂവു’ എന്ന ചിത്രത്തിനായിരുന്നു അത്. ‘ചാലിസുവ മോദഗളു’, ‘എരഡു നക്ഷത്രഗളു’ എന്നീ ചിത്രങ്ങൾക്കു മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. 2002ൽ അപ്പു എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായത്. അതോടെ കന്നഡ ജനതയ്ക്കു പുനീത് പ്രിയപ്പെട്ട അപ്പുവുമായി.

