Wednesday, May 15, 2024
spot_img

കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും എത്തുന്നു; എ പ്ലസ് മണ്ഡലമായ ആറ്റിങ്ങലിൽ ബിജെപി പ്രചാരണം കൊഴുപ്പിക്കുന്നു: വികസന രേഖയുമായി 4 ന് വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കർ ആറ്റിങ്ങലിൽ

തിരുവനന്തപുരം: എ പ്ലസ് മണ്ഡലമായ ആറ്റിങ്ങലിൽ ബിജെപി പ്രചാരണം കൊഴുപ്പിക്കുന്നു. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും വരും ദിവസങ്ങളിൽ മണ്ഡലത്തിലെത്തും. കേന്ദ്രമന്ത്രിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ വി മുരളീധരന്റെ വികസന നയരേഖയുടെ പ്രകാശനത്തിനായി ഏപ്രിൽ 4 ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കർ ആറ്റിങ്ങലിലെത്തും. മൂന്നാം മോദി സർക്കാരും ആറ്റിങ്ങലിന്റെ വികസന സ്വപ്നങ്ങളും എന്ന വിഷയത്തിൽ അദ്ദേഹം വോട്ടർമാരുമായി സംവദിക്കും. ആറ്റിങ്ങൽ അനംതാര റിസോർട്ടിൽ വൈകുന്നേരം അഞ്ചുമണിക്കാണ് യോഗം.

കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിക്കുന്ന ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ പഴുതടച്ച പ്രചാരണമാണ് ബിജെപി നടത്തുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ട് വർദ്ധനവാണ് ബിജെപി മണ്ഡലത്തിൽ നേടിയത്. ഈ വേഗത നിലനിർത്താനായാൽ മണ്ഡലം പിടിക്കാമെന്ന് അവർ കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ അഞ്ചുവർഷം വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ നാടിന്റെ പ്രശ്നങ്ങളിൽ സജീവ സാന്നിദ്ധ്യമായി ഇടപെട്ടുകൊണ്ടിരുന്ന വി മുരളീധരനെ പാർട്ടി മണ്ഡലം പിടിക്കാൻ നിയോഗിച്ചതും. സംഘടനാ സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കി ബിജെപി കൃത്യമായ മുന്നൊരുക്കം നടത്തിയ മണ്ഡലമായിരുന്നു ആറ്റിങ്ങൽ.

സിറ്റിംഗ് എം പി ക്കെതിരായ ജനവികാരവും മണ്ഡലത്തിലെ വികസന സ്‌തംഭനവും യു ഡി എഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിനെതിരായ ജനവികാരമാണ് എൽ ഡി എഫിന്റെ പ്രതിസന്ധി. ദേശീയ രാഷ്ട്രീയത്തിൽ ഒന്നും ചെയ്യാനില്ലാത്തതിനാൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾക്കും പൊതുവെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ താൽപ്പര്യമില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പാർട്ടിയുടെ ഒതുക്കലുകൾക്ക് ഇരയായവരാണ് എൽ ഡി എഫിന്റെ ലോക്‌സഭാ സ്ഥാനാർത്ഥികളെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു. ബിജെപിയാകട്ടെ നരേന്ദ്രമോദി സർക്കാരിന്റെ പത്തുവർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രചാരണത്തിൽ മുന്നേറുകയാണ്. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം പ്രധാനമന്ത്രി വീണ്ടും തിരുവനന്തപുരം സന്ദർശിക്കുമെന്നും സൂചനയുണ്ട്.

Related Articles

Latest Articles