Monday, November 2, 2026

പുടിൻ-ട്രമ്പ് ഫോൺ സംഭാഷണം! യുക്രെയ്നിലും പശ്ചിമേഷ്യയിലും നിർണ്ണായക നീക്കങ്ങൾ; മെയ് 9ന് വെടിനിർത്തലിന് ധാരണ

മോസ്കോ : ആഗോള രാഷ്ട്രീയത്തിൽ നിർണ്ണായക ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും തമ്മിൽ ഫോൺ സംഭാഷണം നടത്തി. ഇന്നലെ നടന്ന ചർച്ചയിൽ യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷം തുടങ്ങിയ വിഷയങ്ങൾ ഇരുനേതാക്കളും വിശദമായി സംസാരിച്ചതായി ക്രെംലിൻ സഹായി യൂറി ഉഷാക്കോവ് അറിയിച്ചു. ഏകദേശം 90 മിനിറ്റിലധികം നീണ്ടുനിന്ന ചർച്ച തികച്ചും സൗഹൃദപരവും എന്നാൽ ഔദ്യോഗികവുമായ രീതിയിലായിരുന്നുവെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടാനുള്ള ട്രമ്പിന്റെ തീരുമാനത്തെ പുടിൻ സ്വാഗതം ചെയ്തു. ഇത് സമാധാന ചർച്ചകൾക്ക് പുതിയ വഴിതുറക്കുമെന്നും മേഖലയിൽ സ്ഥിരത ഉറപ്പാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ, ഇറാനെതിരെ അമേരിക്കയോ ഇസ്രായേലോ വീണ്ടും സൈനിക നടപടിക്ക് മുതിർന്നാൽ അത് അന്താരാഷ്ട്ര സമൂഹത്തിന് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. നയതന്ത്ര നീക്കങ്ങളിലൂടെ പ്രശ്നപരിഹാരം കാണാൻ റഷ്യയുടെ പൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇരുനേതാക്കളും സമാനമായ കാഴ്ചപ്പാടുകൾ പങ്കിട്ടു എന്നതാണ് ചർച്ചയുടെ പ്രധാന ആകർഷണം. യുക്രെയ്ൻ ഭരണകൂടം യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയോടെ യുദ്ധം അനാവശ്യമായി നീട്ടിക്കൊണ്ടുപോകുകയാണെന്ന് ട്രംപും പുടിനും വിലയിരുത്തി. റഷ്യൻ സൈന്യം നിലവിൽ യുദ്ധമുഖത്ത് മുൻതൂക്കം നേടിക്കഴിഞ്ഞതായി പുടിൻ ട്രംപിനെ അറിയിച്ചു. യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ ലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികളായതും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതും ലോകം ആശങ്കയോടെയാണ് കാണുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരെ നേടിയ വിജയം ആഘോഷിക്കുന്ന മെയ് 9-ലെ വിജയദിനത്തോടനുബന്ധിച്ച് താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിക്കാൻ പുടിൻ സന്നദ്ധത അറിയിച്ചു. പുടിന്റെ ഈ നിർദ്ദേശത്തെ ട്രമ്പ് സജീവമായി പിന്തുണയ്ക്കുകയും ഇത് ഇരുരാജ്യങ്ങളുടെയും പങ്കിട്ട ചരിത്രവിജയത്തിന്റെ അടയാളമാണെന്ന് നിരീക്ഷിക്കുകയും ചെയ്തു. യുക്രെയ്നിന്റെ തിരിച്ചടി ഭയന്ന് ഈ വർഷത്തെ വിജയദിന പരേഡ് മോസ്കോയിൽ പരിമിതമായ രീതിയിൽ മാത്രമേ സംഘടിപ്പിക്കുകയുള്ളൂവെന്ന് ക്രെംലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles