Thursday, May 2, 2024
spot_img

പി വി അൻവറിന്റെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ! ലൈസൻസില്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്ന് കോടതി ; നാളെ മറുപടി നൽകാൻ നിർദേശം

നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ കക്കാടംപൊയിലിലെ കുട്ടികളുടെ പാർക്കിന് ലൈ‍സൻസ് ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇതോടെ ലൈസൻസ് ഇല്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്ന് ചോദിച്ച ഹൈക്കോടതി വിഷയത്തിൽ നാളെ മറുപടി നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു .

പാർക്കിന്റെ വിശദ വിവരങ്ങൾ അറിയിക്കാൻ നേരത്തെ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോയെന്നും ഹൈക്കോടതി അന്ന് ചോദിച്ചു . വിഷയത്തിൽ വിവരം മൂന്നു ദിവസത്തിനകം അറിയിക്കണമെന്നായിരുന്നു നിർദ്ദേശം.തുടർന്ന് ഹർജി ഇന്നു പരിഗണിച്ചപ്പോഴാണ്, പാർക്കിന് ലൈസൻസ് ഇല്ലെന്ന വിവരം സർക്കാർ അറിയിച്ചത്. പഞ്ചായത്തിൽനിന്ന് പാർക്കിനുള്ള ലൈസൻസ് എടുത്തിട്ടില്ലെന്ന വിവരാവകാശരേഖ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിരുന്നു.

അപേക്ഷയിലെ പിഴവു കാരണം അൻവറിന്റെ പാർക്കിനു ലൈസൻസ് നൽകിയിട്ടില്ലെന്നും ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നുമാണ് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ലൈസൻസ് ഇല്ലാത്ത പാർക്ക് അടച്ചുപൂട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഹർജി നാളെ വീണ്ടും പരിഗണിക്കും.

കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചതെന്നാണ് പരാതി. പാർക്ക് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താനുള്ള പഠനങ്ങളോ പരിശോധനകളോ നടത്താതെയാണ് വീണ്ടും തുറക്കാൻ അനുമതി നൽകി സർക്കാർ ഓഗസ്റ്റിൽ ഉത്തരവിറക്കിയതെന്ന പരാതിയും ഉയർന്നിരുന്നു.

Related Articles

Latest Articles