Sunday, September 20, 2026

റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസ്; രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരെന്ന് കോടതി ; ശിക്ഷാ വിധി ബുധനാഴ്ച; ഒന്നാം പ്രതി അബ്ദുൽസത്താറിനെ ഇതുവരെയും പിടികൂടാനായില്ല

തിരുവനന്തപുരം : റേഡിയോ ജോക്കിയായിരുന്ന രാജേഷ് കുമാർ (34) കൊലപാതകത്തിൽ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്ന് ഒന്നാം അഡി.സെഷൻസ് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ വരുന്ന ബുധനാഴ്ച വിധിക്കും. അതെ സമയം കേസിലെ ഒന്നാം പ്രതി കൊലപാതകത്തിനു ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽസത്താറിനെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല. നാലു മുതൽ 12 വരെയുള്ള ഒൻപത് പ്രതികളെ കോടതി വെറുതെ വിട്ടു.

അതേസമയം കൂറുമാറിയ രാജേഷിന്റെ സുഹൃത്തും പ്രധാന സാക്ഷിയുമായ കുട്ടനെതിരെ കോടതി കേസെടുത്തില്ല. ഇയാൾ ആദ്യം നൽകിയ മൊഴി കോടതി സ്വീകരിച്ചു. പ്രോസിക്യൂഷൻ സാക്ഷി മനോജിനെതിരെ കോടതി കേസെടുത്തു. പ്രതികൾക്കു വാഹനം ഏർപ്പാടാക്കിയത് മനോജായിരുന്നു. ഐപിസി 201 ( തെളിവ് നശിപ്പിക്കൽ), ഐപിസി 449 ( അതിക്രമിച്ച് കയറൽ, ഐപിസി 326 ( മാരകമായി മുറിവേൽപ്പിക്കൽ), 302 (കൊലപാതകം) എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.

മടവൂർ പടിഞ്ഞാറ്റേല ആശാ നിവാസിൽ രാജേഷിനെ 2018 മാർച്ച് 27നു പുലർച്ചെ 2.30നാണു മടവൂർ ജംഗ്ഷനിലെ മെട്രാസ് റിക്കാർഡിങ് സ്റ്റുഡിയോയിൽ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്‌. സുഹൃത്ത് വെള്ളല്ലൂർ സ്വദേശി കുട്ടന്(50) തോളിനും കൈയ്ക്കും വെട്ടേറ്റിരുന്നു.

10 വർഷത്തോളം സ്വകാര്യ ചാനലിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷിന് 2016 ജൂണിൽ ഖത്തറിൽ ജോലി ലഭിക്കുകയും തുടർന്നുള്ള പത്തുമാസം ഇയാൾ ഖത്തറിൽ ജോലി ചെയ്യുകയും ചെയ്തു. ഈ കാലയളവിൽ സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണു കൊലപാതകത്തിൽ കലാശിച്ചത്. 2017 മേയിൽ നാട്ടിലെത്തിയ ശേഷം സ്വന്തം നിലയിൽ റിക്കാർഡിങ് സ്റ്റുഡിയോ ആരംഭിക്കുകയും നാടൻപാട്ട് സംഘത്തിൽ ചേരുകയും ചെയ്തു. രാജേഷ് കൊല്ലപ്പെടുമ്പോൾ ഭാര്യ രോഹിണി എട്ടുമാസം ഗർഭിണിയായിരുന്നു.

കരുനാഗപ്പള്ളി പുത്തൻതെരുവ് കൊച്ചയത്ത് തെക്കതിൽ കെ.തൻസീർ, കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് എച്ച്എസ്എസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സനു സന്തോഷ്, ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോർട്ടിൽ എ.യാസീൻ, കുണ്ടറ ചെറുമൂട് എൽഎസ് നിലയത്തിൽ സ്ഫടികം എന്നു വിളിക്കുന്ന എസ്.സ്വാതി സന്തോഷ്, കുണ്ടറ മുളമന കാഞ്ഞിരോട് ചേരിയിൽ മുക്കട പനയംകോട് പുത്തൻവീട്ടിൽ ജെ.എബിജോൺ, അപ്പുണ്ണിയുടെ സഹോദരി ഭർത്താവ് ചെന്നിത്തല മദിച്ചുവട് വീട്ടിൽ സുമിത്ത്, സുമിത്തിന്റെ ഭാര്യ ഭാഗ്യശ്രീ, അപ്പുണ്ണിയുടെ കാമുകി എറണാകുളം വെണ്ണല അംബേദ്ക്കർ റോഡ് വട്ടച്ചാനൽ ഹൗസിൽ സിബല്ല ബോണി, സത്താറിന്റെ കാമുകി വർക്കല കിഴക്കേപ്പുറം ഷിജിന ഷിഹാബ് എന്നിവരെയാണു കോടതി വെറുതെ വിട്ടത്.

Related Articles

Latest Articles