Friday, May 17, 2024
spot_img

സെഞ്ചൂറിയനിൽ സെഞ്ചുറി തികച്ച് രാഹുൽ !ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടക്കത്തെ തകർച്ചയെ അതിജീവിച്ച് ഇന്ത്യ; ഒന്നാം ഇന്നിങ്സിൽ 245 റണ്‍സിന് പുറത്ത്

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ തുടക്കത്തെ തകർച്ചയെ അതിജീവിച്ച് ഇന്ത്യ 245 റണ്‍സിന് പുറത്തായി. തകർത്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ പേസ് നിരയെ ഫലപ്രദമായി പിടിച്ചുനിന്ന് സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് മെച്ചപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ സമ്മാനിച്ചത്. 137 പന്തില്‍ നിന്ന് നാല് സിക്‌സും 14 ഫോറുമടക്കം 101 റണ്‍സെടുത്ത രാഹുല്‍ അവസാനമാണ് പുറത്തായത്. എട്ട് വിക്കറ്റ് നഷ്ടത്തിൽ 208 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 37 റണ്‍സ് കൂടി മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാദ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ നാന്ദ്രെ ബര്‍ഗര്‍ മൂന്ന് വിക്കറ്റ് നേടി.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 14 പന്തുകളില്‍ അഞ്ച് റണ്‍സാണു താരം നേടിയത്. കാഗിസോ റബാദയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ യശസ്വി ജയ്‌സ്വാളും (17) പുറത്തായി. ശുഭ്മാന്‍ ഗില്ലും (2) അതിവേഗം പുറത്തായി.

തുടർന്ന് വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും 31 റണ്‍സെടുത്ത ശ്രേയസിനെയും 38 റണ്‍സെടുത്ത കോഹ്ലിയേയും മടക്കി റബാദ ഇന്ത്യയെ ഞെട്ടിച്ചു. തുടർന്ന് ക്രീസിലെത്തിയ അശ്വിനെയും പവലിയനിൽ മടക്കിയെത്തിച്ച് റബാദ വിക്കറ്റ് നേട്ടം നാലാക്കി. ഏഴാം വിക്കറ്റില്‍ കെ.എല്‍. രാഹുല്‍ ശാര്‍ദുല്‍ താക്കൂര്‍ സഖ്യം 43 റണ്‍സ് ചേര്‍ത്ത് പ്രതീക്ഷ സമ്മാനിച്ചെങ്കിലും 24 റണ്‍സെടുത്ത ശാര്‍ദുലിനെ പുറത്താക്കി റബാദ വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയർത്തി.

Related Articles

Latest Articles