കൊച്ചി : ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള രാഹുല്‍ ഈശ്വറിന്റെ ഹർജിയിൽ പോലീസ് നിലപാട് തേടി ഹൈക്കോടതി. ഹർജി ഈ മാസം 27-ലേക്ക് കോടതി മാറ്റിയിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.
അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രധാന വാദം. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ലെന്നും അതിനാലാണ് താന്‍ വിമര്‍ശിച്ചതെന്നും ഇന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ രാഹുല്‍ ഹൈക്കോടതിയില്‍ വാദമുയര്‍ത്തി. അതേസമയം ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് ഹണി റോസ് രാഹുലിനെതിരെ പരാതി നല്‍കിയത്. പരാതി വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

