Friday, May 17, 2024
spot_img

രാഹുലും യെച്ചൂരിയും ഉൾപെട്ട പ്രതിപക്ഷ സംഘം ഇന്ന് കശ്മീരിൽ: സാഹചര്യം വിലയിരുത്തും

ദില്ലി: മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സംഘവും ഇന്ന് ജമ്മു കശ്മീർ സന്ദർശിക്കും. പ്രതിപക്ഷ നിരയിലെ ഒൻപത് നേതാക്കൾക്കൊപ്പമാണ് രാഹുൽ കശ്മീരിലെത്തുക. അതേസമയം കശ്​മീരിലെത്തി സാഹചര്യങ്ങൾ മനസിലാക്കി വേണം രാഹുൽ സംസാരിക്കാനെന്ന് കശ്മീർ ഗവർണർ സത്യപാൽ മാലിക് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാഹുലിനായി വിമാനം അയക്കാമെന്നും സത്യപാൽ മാലിക് അറിയിച്ചിരുന്നു. എന്നാൽ വിമാനം വേണ്ട , സഞ്ചാര സ്വാതന്ത്ര്യം നൽകിയാൽ മതിയെന്ന മറുപടി നൽകിയ ശേഷമാണ് രാഹുൽ കശ്മീരിലേക്ക് തിരിക്കുന്നത്.

സീതാറാം യെച്ചൂരി, ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ഡി രാജ, തുടങ്ങിയ നേതാക്കളാണ് രാഹുലിനെ അനുഗമിക്കുക. കശ്മീരിലെ രാഷ്ട്രീയ നേതാക്കളെയും ജനങ്ങളെയും ഈ സംഘം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കശ്​മീരിൽ പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നതായി രാഹുൽ നേരത്തെ പറഞ്ഞിരുന്നു. ഇതാണ് കശ്മീർ ഗവർണർ സത്യപാൽ മാലികിനെ ചൊടിപ്പിച്ചത്. പ്രസ്താവനക്ക് മറുപടിയായി, ‘രാഹുലിനായി ഒരു വിമാനമയക്കാം. അതിൽ കശ്​മീരിലെത്തി സാഹചര്യങ്ങൾ മനസിലാക്കി വേണം രാഹുൽ സംസാരിക്കാൻ. ​രാഹുൽ ഗാന്ധി ഉത്തരവാദിത്തപ്പെട്ട വ്യക്​തിയാണ്​. അദ്ദേഹം ഈ രീതിയിൽ സംസാരിക്കാൻ പാടില്ല’ എന്ന് ഗവർണർ പ്രതികരിച്ചു.

Related Articles

Latest Articles