Sunday, May 19, 2024
spot_img

മുതിര്‍ന്ന നേതാക്കള്‍ മക്കള്‍ക്ക് മുന്‍ഗണന നല്‍കിയെന്ന് രാഹുൽ

ദില്ലി: ലോകസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത വിമശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതിയിലാണ് സ്വന്തം മക്കള്‍ക്ക് സീറ്റ് കിട്ടാനും ജയിപ്പിക്കാനും മാത്രം ശ്രദ്ധിച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുൽ നിലപാട് കടുപ്പിച്ചത്. കമൽ നാഥ്, അശോക് ഗെലോട്, പി ചിദംബരം എന്നീ നേതാക്കൾക്കെതിരെയായിരുന്നു കോൺഗ്രസ് അധ്യക്ഷന്‍റെ വിമർശനം.

കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിലടക്കം പലയിടത്തും പാര്‍ട്ടിയുടെ പ്രകടനം ദയനീയമായിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും പി ചിദംബരവും മക്കള്‍ക്ക് സീറ്റ് വേണമെന്ന് കടുംപിടുത്തം പിടിച്ചു. താൻ ഈ നേതാക്കളുടെ ആവശ്യത്തിന് എതിരായിരുന്നു- രാഹുൽ പറഞ്ഞു.

താൻ വിളിച്ച ‘ചൗകിദാര്‍ ചോര്‍ ഹേ’ മുദ്രാവാക്യമോ, റഫാല്‍ അഴിമതിയോ താഴെത്തട്ടിലുള്ള നേതാക്കള്‍ പ്രസംഗങ്ങളില്‍ കൃത്യമായി ഉന്നയിച്ചില്ല എന്ന് വിമർശിച്ച രാഹുൽ താന്‍ പറഞ്ഞതിനെ എതിര്‍ക്കുന്നവരുണ്ടെങ്കില്‍ കൈ പൊക്കണമെന്നും ആവശ്യപ്പെട്ടു.

പാര്‍ട്ടിക്കകത്ത് ഉത്തരവാദിത്തം ആവശ്യമാണ്, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷപദം ഒഴിയാന്‍ തയ്യാറാണെന്നും രാഹുല്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനാണ് മുതിർന്ന നേതാക്കള്‍ ശ്രമിച്ചത്. രാഹുല്‍ തെരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിച്ചയാളാണെന്നും സ്ഥാനമൊഴിയേണ്ടതില്ലെന്നും വ്യക്തമാക്കിയ മുതിര്‍ന്ന നേതാക്കള്‍ രാഹുലിന്‍റെ രാജിയാവശ്യം തള്ളി പ്രമേയവും പാസ്സാക്കി.

Related Articles

Latest Articles