ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിന് പുറമെ റായ്‌ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തെ കൈവിട്ടേക്കും. കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ രാഹുൽ വയനാട് വിടുമെന്ന ശക്തമായ സൂചന നൽകുന്ന പ്രതികരണമാണ് നടത്തിയത്. രാഹുൽ ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം. കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി.
വയനാട്ടിലേയും റായ്ബറേലിയിലേയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ ജനങ്ങൾ തന്നെ ഒരു കുടുംബാഗത്തെ പോലെ കണ്ടു. കഴിഞ്ഞ അഞ്ച് വർഷം വയനാട്ടിലെ ജനങ്ങൾ പൂർണപിന്തുണ നൽകിയെന്നും രാഹുൽ കല്പറ്റയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.
വയനാടോ റായ്ബറേലിയോ എന്ന ചോദ്യത്തിന്റെ ഉത്തരം തനിക്ക് അറിയില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. വയനാട്ടിലേയും റായ്ബറേലിയിലേയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം, പ്രിയങ്ക ഗാന്ധിക്കായി വയനാട്ടില്‍ ഫ്ലക്സ് ഉയര്‍ന്നിട്ടുണ്ട്. രാഹുൽ ഗാന്ധി മണ്ഡലം വിടുകയാണെങ്കിൽ പ്രിയങ്കയെ മത്സരിപ്പിക്കണം എന്ന് ഫ്ലക്സിലെ ആവശ്യം. വയനാട് യുഡിഎഫ് എന്ന പേരിലാണ് ഫ്ലക്സ് വെച്ചിട്ടുള്ളത്.

