Sunday, May 19, 2024
spot_img

വാജ്പേയിയുടെ സമാധി സ്ഥലം സന്ദർശിച്ച് രാഹുൽ ​ഗാന്ധി;ക്യാമറയ്ക്കു മുന്നിലെ കളികളെന്ന് ബിജെപി പരിഹാസം

ദില്ലി : ഭാരത് ജോഡോ യാത്രയ്‌ക്കിടെ മുൻ പ്രധാനമന്ത്രിയും അന്തരിച്ച ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ സമാധി സ്ഥലം കോൺ​ഗ്രസ് എംപി രാഹുൽ​ഗാന്ധി സന്ദർശിച്ചു. ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയതിനു ശേഷമാണ് വാജ്പേയിയുടെ സ്മാരകം രാഹുൽ സന്ദർശിച്ചത്. സമാധിയിൽ പ്രണാമം അർപ്പിച്ച രാഹുൽ സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തിയ ശേഷമാണ് മടങ്ങിയത്.

കോൺഗ്രസ് മാദ്ധ്യമ വിഭാഗതലവൻ ജയ്റാം രമേശ് സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിലൂടെ പുറത്തു വിടുകയായിരുന്നു. ‘അടൽ ബിഹാരി വാജ്‌പേയിയുടെ സ്‌മാരകമായ ‘സദൈവ് അടലിൽ’ രാഹുൽ എത്തി പ്രണാമം അർപ്പിച്ചു. ബഹുമാനം നമ്മുടെ രാജ്യത്തിന്‍റെ പാരമ്പര്യമാണെന്നും രാജ്യത്തിന്‍റെ പാരമ്പര്യം ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രവർത്തിക്കും’ എന്ന് കുറിച്ചു കൊണ്ടാണ് ജയ്റാം രമേശ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തത് .

രാഹുൽ ഗാന്ധിയുടെ വാജ്പേയി സമാധി സന്ദർശനത്തിനെ പരിഹസിച്ച് ബിജെപി രംഗത്തു വന്നു. ക്യാമറക്ക് മുന്നിൽ രാഹുൽ ഗാന്ധി നടത്തുന്ന നാടകമാണ് വാജ്പേയിയുടെ സമാധി സ്ഥല സന്ദർശനമെന്ന് ബിജെപി പ്രതികരിച്ചു. മുൻ പ്രധാനമന്ത്രിമാരെ ആദരിക്കുന്നത് ആത്മാർത്ഥതയോടെ ആണെങ്കിൽ ഹൈദരാബാദിലെ നരസിംഹറാവുവിന്റെ സമാധിയും രാഹുൽ സന്ദർശിക്കുമായിരുന്നെന്ന് എന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.

Related Articles

Latest Articles