Thursday, May 16, 2024
spot_img

150 ട്രെയിനുകളും 50 സ്റ്റേഷനുകളും സ്വകാര്യവത്കരിക്കാനൊരുങ്ങുന്നു

ദില്ലി: രാജ്യത്തെ 150 ട്രെയിനുകളും 50 റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതു സംബന്ധിച്ച നടപടികള്‍ക്കായി ഒരു ഉന്നതതല സമിതി രൂപീകരിക്കുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവിനെ അറിയിച്ചു.

റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, നീതി ആയോഗ് സിഇഒ എന്നിവരെ കൂടാതെ സാന്പത്തിക കാര്യ, നഗരവികസന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍കൂടി ഉന്നതതല സമിതിയില്‍ ഉള്‍പ്പെടും. സ്വകാര്യവത്കരിക്കല്‍ നടപടികളുടെ ആദ്യഘട്ടമായി പുറത്തിറക്കിയ തേജസ് എക്‌സ്പ്രസ് പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമാണെന്നു വിലയിരുത്തിയാണ് കേന്ദ്രത്തിന്റെ നീക്കം. തേജസ് എക്‌സ്പ്രസ് മാതൃകയില്‍ 150 ട്രെയിനുകള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കാനാണു പദ്ധതി തയാറാക്കുന്നത്.

ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കുന്നതിനായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന 400 റെയില്‍വേ സ്റ്റേഷനുകളില്‍ 50 എണ്ണവും സ്വകാര്യ മേഖലയ്ക്കു കൈമാറുമെന്നും അമിതാഭ് കാന്ത് പറഞ്ഞു. ആറ് വിമാനത്താവളങ്ങള്‍ അടുത്തിടെ സ്വകാര്യ മേഖലയ്ക്കു കൈമാറിയ രീതിയിലാണ് നടപടികള്‍ പൂര്‍ത്തിയാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

തേജസ് എക്‌സ്പ്രസ് ഡല്‍ഹി- ലക്‌നോ റൂട്ടില്‍ നാലു മുതലാണ് ഓടിത്തുടങ്ങിയത്. പദ്ധതി വിജയിപ്പിക്കാനായി യാത്രക്കാര്‍ക്ക് സൗജന്യ ഇന്‍ഷ്വറന്‍സും, ട്രെയിന്‍ വൈകിയാല്‍ നഷ്ടപരിഹാരവും അടക്കമുള്ളവ തേജസ് എക്‌സ്പ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Related Articles

Latest Articles