Friday, May 17, 2024
spot_img

വരാൻ പോകുന്നത് കനത്ത മഴ; സംസ്ഥാനത്ത് തുലാവർഷം ചൊവ്വാഴ്ചയോടെ; പുതുക്കിയ മഴ മുന്നറിയിപ്പുകൾ ഇങ്ങനെ

ദില്ലി: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായി മഴ പെയ്യുമെന്ന് (Heavy Rain In Kerala) കേന്ദ്ര കാലാവസ്ഥ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തുലാവർഷം ചൊവ്വാഴ്ചയോടെ തുടങ്ങുമെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ മന്ത്രാലയത്തിന്റെ പുതുക്കിയ മുന്നറിയിപ്പിൽ പറയുന്നു. അതോടൊപ്പം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടും പിൻവലിച്ചു. ഇന്ന് മുതൽ അതിശക്തമായ മഴ ഉണ്ടാകുമെന്നും രണ്ട് ദിവസം മഴ തുടരുമെന്നുമായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്. ഇതിലാണ് മാറ്റം വന്നിരിക്കുന്നത്.

കിഴക്കൻ കാറ്റിന്റെ സാന്നിധ്യമായിരുന്നു മഴയ്ക്ക് സാധ്യതയാക്കി കണക്കാക്കിയത്. എന്നാൽ ജില്ലകളിലെ ഓറഞ്ച് അലർട്ട് (Orange Alert) പിൻവലിച്ചതോടെ സംസ്ഥാനത്ത് ആശങ്ക കൂടിയാണ് ഒഴിയുന്നത്.ന്യൂനമർദം ദുർബലമാകുന്ന പശ്ചാത്തലത്തിലാണ് മാറ്റം. പകരം നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും വയനാട് ജില്ലയിൽ ശനി, ഞായർ ദിവസവും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സർവകലാശാലകളിൽ ഇന്ന് മുതൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കേരള, കൊച്ചി, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് മുതൽ 23 വരെ നടത്താനിരുന്ന പരീക്ഷകളും, കണ്ണൂർ സർവകലാശാല ഇന്ന് മുതൽ 22 വരെയുളള പരീക്ഷകളും മാറ്റി.

Related Articles

Latest Articles