Tuesday, April 16, 2024
spot_img

കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച മൂലം 1500ഏക്കറിലെ കൃഷി നശിച്ചു; ആലപ്പുഴയിൽ 44ഉം കോട്ടയത്ത് 66ഉം ദുരിതാശ്വാസ ക്യാമ്പുകൾ

ആലപ്പുഴ : കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. ചമ്പക്കുളത്താണ് രണ്ട് പാടങ്ങളിലായി ഇന്ന് മട വീണത്. ഇതോടെ രണ്ട് ദിവസങ്ങളിലായി കുട്ടനാട്ടിൽ നാല് പാടശേഖരങ്ങളിലാണ് മടവീഴ്ച ഉണ്ടായത്. ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറുനൂറ് പാടത്താണ് ആദ്യം മടവീണത്. മൂലമ്പള്ളിക്കാട് – കരികാച്ചാട് പാടശേഖരത്തും മട വീണു. ചക്കങ്കരി അറുനൂറ് പാടത്തുണ്ടായ മട വീഴ്ചയിൽ പാടത്തിന്റെ പുറം ബണ്ടിൽ താമസിക്കുന്ന മുപ്പത്തഞ്ചിൽ ചിറ ജയന്റെ വീട് തകർന്നു.

ചമ്പക്കുളത്ത് മട വീണ മൂലമ്പള്ളിക്കാട് – കരികാച്ചാട് 160 ഏക്കർ കൃഷി നശിച്ചു. കിഴക്കൻ വെള്ളത്തിൻ്റെ ശക്തമായ ഒഴുക്കിൽ ആണ് മട വീഴ്ച തുടരുന്നത്. മഴക്കെടുതിയിൽ ആലപ്പുഴയിൽ ഭാഗികമായി നശിച്ച വീടുകള്‍ 30 ആയി. രണ്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.44 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതുവരെ തുറന്നു. 516കുടുംബങ്ങള്‍ ആണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളത്. ആകെ 1771 പേര്‍ ക്യാമ്പുകളിൽ ഉണ്ട്.

കോട്ടയം ജില്ലയിലും മഴക്കെടുതി തുടരുകയാണ്. മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 60 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 756 കുടുംബങ്ങളിലെ 2095 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചങ്ങനാശേരി താലൂക്ക് – 7, കോട്ടയം – 33, മീനച്ചിൽ – 9, കാഞ്ഞിരപ്പള്ളി – 3, വൈക്കം- 8 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 892 പുരുഷന്മാരും 862 സ്ത്രീകളും 341 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 1019 പേരെയും ചങ്ങനാശേരിയിൽ 365 പേരെയും മീനച്ചിലിൽ 238 പേരെയും കാഞ്ഞിരപ്പള്ളിയിൽ 191 പേരെയും വൈക്കത്ത് 282 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

Related Articles

Latest Articles