Tuesday, April 30, 2024
spot_img

ഭാരതത്തിന്റെ മഹാകവി; രബീന്ദ്രനാഥ് ടഗോറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 81 വയസ്

സംഗീതം അലയടിക്കുന്നതും ഒപ്പം ഇന്ത്യയുടെ സാംസ്‌കാരിക സമന്വയത്തിനു സാക്ഷ്യം വഹിച്ചതുമായ കൃതികൾ ഭാരതത്തിന് സമ്മാനിച്ച മഹാകവി രബീന്ദ്രനാഥ് ടഗോറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് എണ്‍പത്തി ഒന്ന് വയസ്. ദേശീയഗാന ശില്‍പി, താന്‍ ജീവിച്ച കാലഘട്ടത്തിലെ മഹാപ്രതിഭകളുമായി ഇന്ത്യയുടെ ആത്മാവിനെ ചേര്‍ത്തുവച്ച സഞ്ചാരി.. ഇങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട് ഈ വിശ്വസാഹിത്യകാരന്. 1941 ഓഗസ്റ്റ് ഏഴിനാണ് ഗാന്ധിജിയുടെ ‘ഗുരുദേവന്‍’ എഴുത്തിന്റെ ലോകത്തുനിന്ന് വിടപറഞ്ഞത്.

ബ്രഹ്മ സമാജം നേതാവായിരുന്ന ദേബേന്ദ്രനാഥ ടഗോറിന്റെ പതിനാലാമത്തെ മകനാണ് രബീന്ദ്രനാഥ് ടാഗോര്‍. ആദ്യകൃതി, ‘സന്ധ്യാസംഗീതം’ പ്രസിദ്ധീകരിക്കുമ്പോള്‍ മഹാകവിക്ക് വയസ്സ് 17 മാത്രം. പഠനശേഷം അച്ഛന്റെ വഴിയില്‍ ബ്രഹ്മസമാജത്തിലേക്കെത്തി. 1912ലെ സമ്മേളനത്തില്‍ ടഗോര്‍ പാടി അവതരിപ്പിച്ചു ജനതയ്ക്കു നല്‍കിയതാണ് ‘ജനഗണമന’ എന്ന ദേശീയ ഗാനം.

ജാലിയന്‍ വാലാബാഗില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷുകാര്‍ നല്‍കിയിരുന്ന സ്ഥാനമാനങ്ങളെ ഉപേക്ഷിച്ചു. ഇനി സര്‍ എന്നു വിളിക്കരുതെന്നു കത്തെഴുതി. ഗാന്ധിജിയെ ആദ്യമായി മഹാത്മ എന്ന് സംബോധന ചെയ്തത് ടാഗോറാണ്. ഗാന്ധിജി ടഗോറിനെ വിശേഷിപ്പിച്ചത് ഗുരുദേവ് എന്നും. അഞ്ചു ഭൂഖണ്ഡങ്ങള്‍. മുപ്പതിലേറെ രാജ്യങ്ങള്‍. ഈ മഹായാത്രകളിലൂടെ ഇന്ത്യന്‍ സാഹിത്യവും സംസ്‌കാരവും ലോകത്തെ പരിചയപ്പെടുത്തുക കൂടിയായിരുന്നു ടഗോര്‍. മൂവായിരത്തോളം കവിതകളടങ്ങിയ കവിതാസമാഹാരങ്ങള്‍, രണ്ടായിരത്തിലേറെ ഗാനങ്ങള്‍, നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍, ലേഖനസമാഹാരങ്ങള്‍. സംഗീതാത്മകമായിരുന്നു ആ ജീവിതം. ഇന്ത്യയുടെ സംസ്‌കാരം പ്രതിഫലിക്കുന്നതുമായിരുന്നു ആ രചനകള്‍ എല്ലാംതന്നെ.

1913ല്‍ ടാഗോറിന് നൊബേല്‍ ലഭിച്ചു. ഏഷ്യന്‍ രാജ്യങ്ങളിലേക്ക് സാഹിത്യത്തിനുള്ള നൊബേല്‍ ആദ്യമായി എത്തുകയായിരുന്നു ടഗോറിലൂടെ. ജീവിതം പോലെ മരണവും അനുവാര്യമെന്നു പഠിപ്പിക്കുന്നതാണ് ഓരോ രചനകളും. കാവ്യലോകത്തെ ഒരു ആരാമത്തിന് സമനാക്കി സ്വയം ഉദ്യാനപാലകനായി മാറിയ ഭാരതത്തിന്റെ മഹാകവിയെ ഇന്ന് അനുസ്മരിക്കാം.

Related Articles

Latest Articles