Tuesday, May 21, 2024
spot_img

കോൺഗ്രസിന് ഇത് വിനാശകാലം; രാജസ്ഥാൻ കോൺഗ്രസിലും പൊട്ടിത്തെറി; മന്ത്രിസ്ഥാനം രാജിവച്ച് നേതാക്കൾ

ജയ്പൂർ: ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസ് (Congress) ഇപ്പോൾ കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പഞ്ചാബിന് പിന്നാലെ രാജസ്ഥാൻ കോൺഗ്രസിലും പൊട്ടിത്തെറി.
മന്ത്രിസ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് മൂന്ന് നേതാക്കൾ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്ക് കത്ത് നൽകി. അടുത്ത ദിവസങ്ങളിൽ രാജസ്ഥാൻ മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിമാർ സ്ഥാനമൊഴിയാൻ തയ്യാറെടുക്കുന്നത്. ഹരിഷ് ചൗധരി, രഘു ശർമ്മ, ഗോവിന്ദ് സിംഗ് ദോട്ടസാര എന്നിവരാണ് സ്ഥാനം രാജിവെയ്‌ക്കുന്നതായി അറിയിച്ച് സോണിയയ്‌ക്ക് കത്ത് നൽകിയത്.

പദവി രാജിവച്ച് സംഘടനാ ചുമതലകൾ മാത്രം വഹിക്കാനാണ് താത്പര്യപ്പെടുന്നതെന്ന് കത്തിൽ കോൺഗ്രസ് നേതാക്കൾ അറിയിച്ചതായാണ് വിവരം. നിലവിൽ രാജസ്ഥാന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവാണ് ഹരീഷ് ചൗധരി. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് നേതൃത്വം ചുമതല നൽകിയത്. ഇതിന് ശേഷം അദ്ദേഹം നടത്തിയ പ്രതികരണം മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന സൂചനകൾ നൽകിയിരുന്നു. ഒരു വ്യക്തി ഒരു സ്ഥാനം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ ആശയങ്ങൾ ഒരു പോലെ നേതൃത്വത്തിലും പ്രവർത്തകരിലും എത്തിക്കുമെന്നും ചൗധരി പറഞ്ഞിരുന്നു.

അതേസമയം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പാർട്ടി വിട്ടതോടെ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് പല സംസ്ഥാനങ്ങളിലും നേരിട്ടുകൊണ്ടിരിക്കുന്നത്. പാർട്ടി വിട്ട ക്യാപ്റ്റൻ സ്വന്തമായി ഒരു പാർട്ടിയ്ക്ക് രൂപം നൽകി എൻഡിഎയ്ക്കൊപ്പം നിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Related Articles

Latest Articles