Sunday, May 19, 2024
spot_img

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദിച്ച സംഭവം; രണ്ടു സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് (Trivandrum Medical College) ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ സതീശനെയാണ് ഇനി പിടികൂടാനുള്ളത്. എന്നാൽ മർദനമേറ്റ യുവാവിന്റെ മുത്തശ്ശി ജാനമ്മാൾ മരിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ചിറയിൻകീഴ് സ്വദേശി അരുൺദേവിനെയാണ് സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചത്. അരുൺ ദേവിന്റെ അമ്മൂമ്മയെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂട്ടിരിക്കാൻ വന്ന അരുൺദേവിൽ നിന്ന് സെക്യൂരിറ്റി പാസ് വാങ്ങി. തിരികെ തരാത്തത് ചോദ്യം ചെയ്തതിനിടെയാണ് മൂന്ന് പേർ മർദ്ദിച്ചതെന്ന് അരുൺദേവ് പറഞ്ഞു.

അകത്തേക്ക് വലിച്ച് കൊണ്ടുപോയി ഗേറ്റ് പൂട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആൾ ഇത് മൊബൈലിൽ ചിത്രീകരിച്ചതോടെ സെക്യൂരിറ്റി ജീവനക്കാർ ഇയാളെയും ആക്രമിക്കാൻ ശ്രമിച്ചു. വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇവർ കുടുങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി ഉത്തരവിട്ടിരുന്നു.

അതേസമയം നേരത്തെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു. പാര്‍ക്കിങ് നിയന്ത്രണം സംബന്ധിച്ചായിരുന്നു പരാതി. സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനുള്ള കരാര്‍ സ്വകാര്യ കമ്പനിക്കാണ്. അവര്‍ നിയമിക്കുന്ന ജോലിക്കാരാണ് സെക്യൂരിറ്റി സ്റ്റാഫ് ആയി എത്തുന്നത്. എന്നാൽ ഇവരെ നിയന്ത്രിക്കാനോ ഇവർ ശരിയായാണോ ആശുപത്രിയിൽ എത്തുന്നവരോട് പെരുമാറുന്നതെന്നോ ആരും ശ്രദ്ധിക്കാറില്ല എന്നാണ് പരാതിക്കാർ പറയുന്നത്.

Related Articles

Latest Articles