Monday, April 29, 2024
spot_img

‘മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിൽ വീണ്ടും നിയമിച്ചത് സർക്കാരിന്റെ പ്രത്യുപകാരം’; വ്യവസായ വകുപ്പ് സെക്രട്ടറിയായി മുഹമ്മദ് ഹനീഷിനെ തിരികെ നിയമിച്ചതിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : വ്യവസായ വകുപ്പ് സെക്രട്ടറിയായി മുഹമ്മദ് ഹനീഷിനെ തിരികെ നിയമിച്ചതിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ച AI ക്യാമറ വിവാദത്തില്‍ സര്‍ക്കാരിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതിന് പ്രത്യുപകാരമായാണ് മുഹമ്മദ് ഹനീഷിനെ വകുപ്പിലേക്ക് തിരിച്ചെടുത്തതെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.

“ആദ്യം സര്‍ക്കാര്‍ പറ‍ഞ്ഞത് പോലെ എഴുതാതിരുന്നതു കൊണ്ടാണ് സ്ഥലം മാറ്റിയത്. നാണംകെട്ട ഈ പ്രവര്‍ത്തനം എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഹമ്മദ് ഹനീഷ് ശ്രമിച്ചിട്ടും സര്‍ക്കാരിനെ പൂര്‍ണമായി വെള്ളപൂശാനായില്ല. വസ്തുതകള്‍ മറച്ചുവച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കള്ള റിപ്പോര്‍ട്ട് നല്‍കരുതായിരുന്നു” രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

റോഡ് ക്യാമറ വിവാദം അന്വേഷിക്കുന്നതിനിടയിലാണ് കഴിഞ്ഞ ഏഴാം തീയതി മുഹമ്മദ് ഹനീഷിന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതല മാറ്റി നൽകിയത് ഇതിന് പുറമെ ഹൗസിങ് ബോർഡിന്റെ ചുമതലയും നൽകി. എന്നാൽ പിറ്റേദിവസം ഹനീഷിനെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ടിങ്കു ബിസ്വാളിനെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.

ഇന്ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം മുഹമ്മദ് ഹനീഷിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയ്‌ക്കൊപ്പം വ്യവസായ വകുപ്പിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്. ആയുഷ് വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി കേശവേന്ദ്രകുമാറിനെ ഫിനാൻസ് (എക്സപെൻഡിച്ചർ) സ്പെഷൽ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യം ഐഎഎസ് അർബൻ അഫയേഴ്സ് ഡയറക്ടറുടെ അധിക ചുമതല നൽകി. വി.വിഘ്നേശ്വരിയാണ് പുതിയ കോട്ടയം കളക്ടർ.

Related Articles

Latest Articles