Thursday, September 24, 2026

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; പി. വിജയഭാനു സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

കൊച്ചി:ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും ബിജെപി നേതാവുമായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെകൊലപ്പെടുത്തിയ കേസിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. വിചാരണ കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലുകളിൽ വാദം കേൾക്കുന്നതിനായി ഹൈക്കോടതിയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. മുതിർന്ന ക്രിമിനൽ അഭിഭാഷകൻ പി. വിജയഭാനുവിനെയാണ് കേസ് നടത്തുന്നതിനായി സർക്കാർ പ്രത്യേക പ്രോസിക്യൂട്ടറായി നിയോഗിച്ചത്. രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബം സർക്കാരിനോട് നേരിട്ട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഈ നിയമനം എന്നാണ് ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.

നേരത്തെ കേരളത്തെ നടുക്കിയ മാറാട് കൂട്ടക്കൊലക്കേസ് ഉൾപ്പെടെയുള്ള പ്രമുഖ കേസുകളിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി തിളങ്ങിയ നിയമവിദഗ്ദ്ധനാണ് അഡ്വ. പി. വിജയഭാനു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി പ്രതികൾക്ക് വിധിച്ച വധശിക്ഷ ഹൈക്കോടതിയും ശരിവെക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

2021 ഡിസംബർ 19-നാണ് ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ അതിക്രമിച്ചുകയറിയ നിരോധിത ഭീകര സംഘടനയായ പിഎഫ്ഐ എസ്‌ഡിപിഐ പ്രവർത്തകരായ അക്രമിസംഘം രഞ്ജിത്ത് ശ്രീനിവാസനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടായിരുന്നു ഈ ദാരുണമായ കൊലപാതകം അരങ്ങേറിയത്. കേസിൽ 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് നിരീക്ഷിച്ചായിരുന്നു വിചാരണ കോടതിയുടെ ചരിത്രപരമായ വിധി. ഇതിനെതിരെയാണ് പ്രതികൾ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Related Articles

Latest Articles