തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ പ്രാഥമിക അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ക്രൈം ബ്രാഞ്ച് എഡിജിപിക്കാണ് മേല്‍നോട്ടം. എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഡിവൈഎസ്പിമാരും ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെയാണ് അന്വേഷണ സംഘം. 3 ഡിവൈഎസ്പിമാരും 5 ഇന്‍സ്‌പെക്ടര്‍മാരുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. സൈബര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥരെയും എസ്‌ഐടിയില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്.
CMRL-ല്‍ നിന്ന് വീണ ടി. വിജയന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന Exalogic Solutions-ലേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളും രേഖകളും സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. പിണറായി വിജയന്‍, വീണ ടി., മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് കൈമാറിയത്.
ഇ.ഡിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ നേരിട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പകരം പ്രാഥമിക അന്വേഷണം നടത്തണമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിന് നിയമപരമായ സാധ്യത പരിശോധിക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും തേടിയിരുന്നു. ഇ.ഡി കൈമാറിയ വിവരങ്ങളില്‍ അന്വേഷണം നടത്തുന്നതിന് തടസ്സമില്ലെന്നും ചില സാഹചര്യങ്ങളില്‍ എഫ്.ഐ.ആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താമെന്നുമുള്ള നിയമവശങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്.
30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമോ, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് മുന്നോട്ടുകൊണ്ടുപോകണമോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കും. സര്‍ക്കാരിന്റെ ഈ നീക്കം പുതിയ രാഷ്ട്രീയ പോരിലേക്കാണോ നീങ്ങുന്നതെന്നാണ് ഇനി കണ്ടറിയേണ്ടത്.

