Saturday, April 27, 2024
spot_img

രഞ്ജിത്ത് ശ്രീനിവാസൻ വധകേസ്: ‘വിചാരണ മാവേലിക്കരയിൽ നടത്തുന്നതിനെതിരെ പരാതി ഉണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാം’; കോടതി മാറ്റാനുള്ള പ്രതികളുടെ ഹർജി സുപ്രീം കോടതി തള്ളി

ദില്ലി: ആര്‍.എസ്.എസ്. പ്രവര്‍ത്തകനും ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിന്റെ കോടതി മാറ്റാനുള്ള പ്രതികളുടെ ഹർജി സുപ്രീം കോടതി തള്ളി. കേസിന്റെ വിചാരണ മാവേലിക്കര കോടതിയില്‍ നടത്തുന്നതിനെതിരെ പരാതി ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി.

വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ പതിനഞ്ച് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്.

കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകന്‍ ആയിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച്, കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകില്ലെന്ന് ആലപ്പുഴ കോടതിയിലെ അഭിഭാഷകര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേസ് മറ്റൊരു ജില്ലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസ് ഹൈക്കോടതി മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍, മാവേലിക്കര കോടതി ആലപ്പുഴ ജില്ലയുടെ ഭാഗമാണെന്നും അതിനാല്‍ മറ്റൊരു ജില്ലയിലേക്ക് മാറ്റണമെന്നും എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്തും അഭിഭാഷകന്‍ എം.ആര്‍. രമേശ് ബാബുവും വാദിച്ചു. മാവേലിക്കര കോടതിയേക്കാള്‍ സൗകര്യം ആലപ്പുഴ കോടതിയിലാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇക്കാര്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീംകോടതി ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ പ്രതികളോട് പറഞ്ഞു

Related Articles

Latest Articles