ഇരവിപുരം: മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയം ഒമ്പത് വയസ്സുകാരിയോട് ലൈംഗിക അതിക്രമത്തിന് മുതിർന്ന വയോധികന് പോലീസ് പിടിയിലായി. വടക്കേവിള ഉദയശ്രീ നഗര്‍ 53 ലക്ഷ്മി വിഹാറില്‍ രാജേന്ദ്രന്‍പിള്ള (63) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശ്യത്തോടെ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. മാതാവ് വീട്ടില്‍ എത്തിയ സമയം പെണ്‍കുട്ടി വിവരം പറയുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരവിപുരം പോലീസ് പ്രതിക്കെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരവിപുരം എസ്.എച്ച്.ഒ വി.വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അരുണ്‍ഷാ, ജയേഷ്, എ.എസ്.ഐ മഞ്ജുഷ, സി.പി.ഒമാരായ മനാഫ്, ദീപു എന്നിവരടങ്ങിയ സംഘം ഇയാളെ വടക്കേവിളയിലുള്ള വസതിയില്‍നിന്നും പിടികൂടുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

