ഹൈദരാബാദ്: രഹസ്യബന്ധം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അയല്‍വാസിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ടുപേര്‍ പിടിയില്‍. ഹൈദരാബാദ് എസ്‌ആര്‍ നഗര്‍ സ്വദേശികളായ യുവാക്കളാണ് പോലീസിന്റെ പിടിയിലായത്. വിവാഹിതയായ യുവതിയെ ഇരുവരും ചേര്‍ന്ന് ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
നിര്‍മാണത്തൊഴിലാളിയായ യുവതിക്ക് ഒപ്പം ജോലിചെയ്യുന്ന ഒരാളുമായി രഹസ്യബന്ധമുണ്ടായിരുന്നു. യുവതി കഴിഞ്ഞ തിങ്കളാഴ്ച കാമുകനെ കാണാനായി പോയ സമയത്ത് അയല്‍ക്കാരായ രണ്ട് യുവാക്കള്‍ ഇവരെ കാണുകയും യുവതിയെ തടഞ്ഞുവെക്കുകയുമായിരുന്നു. തുടര്‍ന്ന് രഹസ്യബന്ധം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
തുടര്‍ന്ന് ജീവനൊടുക്കാന്‍ തീരുമാനിച്ച യുവതിയും കാമുകനും ഡിസംബര്‍ 14ന് വിക്രാബാദ് ജില്ലയിലെ വിജനമായ സ്ഥലത്തെത്തി കീടനാശിനി കഴിച്ചു. എന്നാല്‍ അസ്വസ്ഥത അനുഭവപ്പെട്ടതോടെ കാമുകന്‍ ബന്ധുവിനെ ഫോണില്‍വിളിച്ച് വിവരമറിയിക്കുകയും ബന്ധുക്കള്‍ സ്ഥലത്തെത്തി രണ്ടുപേരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടനില തരണംചെയ്തതിന് പിന്നാലെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

